അയോണയ്ക്കും ആവണിക്കും ആശുപത്രിയാണ് വീട്...! പഠിക്കുന്നതും ഉറങ്ങുന്നതും ഭക്ഷണവുമെല്ലാം ഇവിടെ..
Mail This Article
ചിങ്ങവനം ∙ സെന്റ് തോമസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന അയോണ അജേഷിനോടു വീടു ചോദിച്ചാൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ െഎസലേഷൻ വാർഡ് എന്നേ പറയൂ. ഒരു മാസമായി അച്ഛൻ സി.കെ.അജേഷ്, അമ്മ കെ.ടി.സനജ, അനുജത്തി ആവണി എന്നിവർക്കൊപ്പം അയോണ താമസിക്കുന്നത് ഇവിടെയാണ്. പഠിക്കുന്നതും ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഇവിടെത്തന്നെ. 2023 നവംബർ 10നു റോഡിൽ തലയടിച്ചു വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ അജേഷിനു കണ്ണുകൾ മാത്രം ചലിപ്പിക്കാം. അന്നു മുതൽ ആശുപത്രിയും വീടുമായി കഴിയുകയായിരുന്ന കുടുംബം ഇപ്പോൾ ഒരു മാസമായി പൂർണമായി ഇവിടെയാണ്. ആദ്യമൊക്കെ സ്കൂളിൽ പോകാതെ അയോണയും അമ്മ സനജയോടൊപ്പം അച്ഛനെ ശുശ്രൂഷിക്കാൻ ആശുപത്രിയിൽത്തന്നെയായിരുന്നു.
നഴ്സുമാരാണു നിർബന്ധിച്ച് സ്കൂളിലേക്കയച്ചത്. ഇപ്പോൾ സ്കൂളിൽ നിന്നു വന്നാൽ അച്ഛനെ ശുശ്രൂഷിച്ച്, കുളിച്ച് റെഡിയായി ആശുപത്രിക്കിടക്കയ്ക്കരികിൽ നിലത്തു വിരിച്ച പായയിൽ ഇരുന്നാണു പഠനം. കസേരയോ മേശയോ ഇല്ലാത്തതിനാൽ പുസ്തകം കയ്യിൽ പിടിച്ചാണു ‘ഹോം വർക്ക്.’
പഠനം മുടങ്ങിപ്പോയ ആവണിയെ പഠിപ്പിക്കുന്നതും അയോണയാണ്. പനി ബാധിച്ച ആവണിയെ ചങ്ങനാശേരി പാറേൽ പള്ളിക്കടുത്തുള്ള ആശുപത്രിയിലാക്കിയ ശേഷം രാത്രി വീട്ടിലേക്കു മടങ്ങുമ്പോഴാണ് അജേഷ് അപകടത്തിൽപെട്ടത്. സ്വകാര്യബസിൽ കണ്ടക്ടറായിരുന്നു അജേഷ്. റോഡിലൂടെ നടക്കുമ്പോൾ ചെരുപ്പുടക്കി തലയടിച്ചു വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ആദ്യം. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തോളം വെന്റിലേറ്ററിൽ.
പിന്നീടു ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്കു മാറ്റി. മാസം ഇരുപതിനായിരത്തിലേറെ രൂപ വേണം മരുന്നിന്. അതു വീടിനടുത്തുള്ള സ്ഥാപനത്തിൽ നിന്നു നൽകും. ഓരോ ദിവസത്തെയും ഭക്ഷണവും മറ്റു ചെലവുകളും എങ്ങനെ നടത്തുന്നു എന്ന ചോദ്യത്തിനു സജിതയുടെ ഉത്തരം ഇതായിരുന്നു: ‘‘ഓരോ ആവശ്യം വരുമ്പോഴും ആരെങ്കിലും എത്തി സഹായിക്കും, ഇരുട്ടിയാൽ വെളുക്കുമല്ലോ എന്ന പ്രതീക്ഷയാണ് എന്നെയും കുഞ്ഞുങ്ങളെയും മുൻപോട്ടു നയിക്കുന്നത്’’.
ഈ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതോടൊപ്പം:
∙ SANAJA K T
∙ A/C NO 40685101042322
∙ KERALA GRAMIN BANK CHINGAVANAM
∙ IFSC code: KLGB0040685
∙ MOBILE NUMBER 6235368997