കടുത്തുരുത്തി സിവിൽ സ്റ്റേഷൻ: ഒന്നുകിൽ വൈദ്യുതി മുടക്കാതിരിക്കുക; അല്ലെങ്കിൽ ഓഫിസ് താഴെയാക്കുക
Mail This Article
കടുത്തുരുത്തി ∙ സിവിൽ സ്റ്റേഷനിൽ വൈദ്യുതി മുടങ്ങി. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ഓഫിസിൽ നിന്നു താഴെ ഇറങ്ങാൻ കഴിയാതെ അംഗപരിമിതയായ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഒന്നര മണിക്കൂർ മൂന്നാം നിലയിൽ കുടുങ്ങി. കടുത്തുരുത്തി സിവിൽ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. കടുത്തുരുത്തി ഡിഇഒ എ.സി. സീനയാണ് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ജില്ലാ ഓഫിസിൽ കുടുങ്ങിയത്. കടുത്തുരുത്തി ടൗണിൽ ദിവസം പത്തും പതിനഞ്ചും തവണയാണ് വൈദ്യുതി മുടങ്ങുന്നത്.
60 ശതമാനം അംഗപരിമിതയാണ് എ.സി.സീന. യന്ത്രം ഘടിപ്പിച്ച വീൽചെയറിലാണ് സീന സഞ്ചരിക്കുന്നത്. ഇന്നലെ ഓഫിസ് സമയത്തിന് ശേഷം താഴേക്കിറങ്ങാൻ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ലാത്തതിനാൽ ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല എന്നു മനസ്സിലായത്. ഒപ്പമുണ്ടായിരുന്ന ഓഫിസിലെ ജീവനക്കാരൻ അനിൽ പല തവണ കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ചെങ്കിലും ഇപ്പം ശരിയാക്കി തരാം എന്നായിരുന്നു മറുപടി. അംഗപരിമിതയായ ഓഫിസർ മൂന്നാം നിലയിൽ കുടുങ്ങിയെന്ന് അറിയിച്ചെങ്കിലും ആറരയ്ക്കാണ് വൈദ്യുതി എത്തിയത്.
പരസഹായമില്ലാതെ സീനയ്ക്ക് വീൽചെയറിൽ നിന്ന് ഇറങ്ങാനാവില്ല. ഭർത്താവാണ് ഒപ്പമുള്ളത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സീന കടുത്തുരുത്തി ഡിഇഒ ആയി ചാർജ് എടുത്തത്. അന്നും ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ മൂന്നാം നിലയിലെ ഓഫിസിൽ എത്താനായില്ല. മാധ്യമ വാർത്തകളെ തുടർന്നാണ് പിന്നീട് വൈദ്യുതി കുടിശിക അടച്ച് ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കിയത്. വൈദ്യുതി മുടങ്ങി ഇത് മൂന്നാം തവണയാണ് സീന സിവിൽ സ്റ്റേഷനിൽ കുടുങ്ങുന്നത്.