കുമാരനല്ലൂർ കിഴക്കേനടയിൽ വീടു കുത്തിത്തുറന്ന് മോഷണം

Mail This Article
കുമാരനല്ലൂർ ∙ കിഴക്കേനടയിലെ വീട്ടിൽ മോഷണം. എൻഎസ്എസ് കരയോഗത്തിനു സമീപം രാധാമൃതത്തിൽ ആർ.രാധാകൃഷ്ണ കുറുപ്പിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. രാധാകൃഷ്ണകുറുപ്പും ഭാര്യയും തൃക്കയിൽ ക്ഷേത്രത്തിനു സമീപം മകന്റെ വീട്ടിലായിരുന്നു. കിഴക്കേനടയിലെ വീട്ടിൽ രാത്രിയിൽ ആരുമുണ്ടായിരുന്നില്ല. ഇന്നലെ പുലർച്ചെ രാധാകൃഷ്ണ കുറുപ്പ് സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വാതിലിന്റെ പൂട്ട് തകർത്ത് വീടിനകത്ത് കയറിയ കള്ളൻ മുറികളിലെല്ലാം പരിശോധിച്ചു. അലമാരകളെല്ലാം കുത്തി തുറന്നു. എന്നാൽ ഒരു വാച്ച് മാത്രമേ മോഷണം പോയുള്ളൂവെന്നു വീട്ടുകാർ പറഞ്ഞു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. വീട്ടിൽ നിന്നു കള്ളൻ ഉപേക്ഷിച്ച ഇരുമ്പ് കമ്പിയും മറ്റും പൊലീസ് കണ്ടെടുത്തു. സമീപത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.