‘ഒരു കുടുംബമായാണ് ഇവിടെ ഞങ്ങൾ കഴിയുന്നത്; ഞങ്ങളെ ഇവിടെനിന്ന് ഒരിടത്തേക്കും വിടല്ലേ...’
Mail This Article
തിരുവഞ്ചൂർ ∙ 'ഞങ്ങളെ ഇവിടെനിന്ന് ഒരിടത്തേക്കും വിടല്ലേ, ഇവിടെ കഴിഞ്ഞുകൊള്ളാം' സാമൂഹിക നീതി വകുപ്പിന്റെ തിരുവഞ്ചൂരിലെ അഗതിമന്ദിരത്തിലെ അന്തേവാസികളായ അമ്മമാരുടെ നിറകണ്ണുകളോടെയുള്ള വാക്കുകൾ. ‘ഒരു കുടുംബമായാണ് ഇവിടെ ഞങ്ങൾ കഴിയുന്നത്. ഞങ്ങൾക്ക് വേറാരുമില്ല...’ അന്തേവാസികളായ ശാന്താ പിതാംബരനും വി.വത്സലയും ഓമനയും പറഞ്ഞു. കടുത്തുരുത്തിയിലെ കാരിക്കോട്ട് 3 കോടി രൂപ ചെലവഴിച്ച് നിർമിച്ച വൃദ്ധമന്ദിരം ഉദ്ഘാടനം ചെയ്തതോടെ തിരുവഞ്ചൂരിലെ അഗതിമന്ദിരത്തിലെ അന്തേവാസികളെ ഇവിടെനിന്ന് മാറ്റാനാണു നീക്കം.
എന്നാൽ ഇതിനുള്ള മാനസികമായ ഒരുക്കത്തിലല്ല തിരുവഞ്ചൂരിലെ അന്തേവാസികൾ. കാൻസർ, ഹൃദ്രോഗം തുടങ്ങിയവയുടെ വിഷമതകളിലാണ് പലരും. ഭാരത് ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ചികിത്സ തേടുന്നത്. കാരിക്കോട്ടേക്ക് മാറിയാൽ ഈ ചികിത്സാസൗകര്യം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയുണ്ട് ഇവർക്ക്. തിരുവഞ്ചൂരിലെ അഗതിമന്ദിരത്തിനു സമീപത്തെ 12 സെന്റ് കൂടി ഏറ്റെടുത്താൽ തിരുവഞ്ചൂരിൽ തന്നെ കൂടുതൽ സൗകര്യം അന്തേവാസികൾക്ക് ഒരുക്കാനാകുമെന്നു ജനപ്രതിനിധികൾ പറയുന്നത്. അന്തേവാസികളെ ഇവിടെനിന്നു മാറ്റിയ ശേഷം വിദേശികളായ തടവുകാരുടെ റിക്രിയേഷൻ സെന്ററാക്കാനുള്ള പദ്ധതിയാണ് നടക്കുന്നതെന്നാണ് അഭ്യൂഹം. തടവുകാർക്കു വേണ്ടി സൗകര്യം ഒരുക്കാൻ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തിക്കൂടെയെന്നും നാട്ടുകാർ ചോദിക്കുന്നു.
തിരുവഞ്ചൂരിലെ സൗകര്യങ്ങൾ
∙34 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യം തിരുവഞ്ചൂരിലുണ്ട്. നിലവിൽ 27 അന്തേവാസികളുണ്ട്
∙ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഡോർമറ്ററികളും ശുചിമുറി സൗകര്യവും
∙ കോട്ടയം മെഡിക്കൽ കോളജിലേക്ക് 10 കിലോമീറ്റർ മാത്രം, അയർക്കുന്നം സിഎച്ച്സിയിലേക്ക് നാലു കിലോമീറ്ററും
∙ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഹോർട്ടികോർപ്, സപ്ലൈകോ, റേഷൻ ഗോഡൗൺ എന്നിവ 5 കിലോമീറ്റർ ചുറ്റളവിൽ
∙ റിക്രിയേഷൻ സൗകര്യങ്ങൾ (ടിവി, ഇൻഡോർ ഗെയിംസ്, ഗാർഡനിങ്)