എടിഎം കൗണ്ടറിൽ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസ് തകർന്നു വീണ് ഇടപാടുകാരന് പരുക്ക് – വിഡിയോ
Mail This Article
എരുമേലി∙ എടിഎം കൗണ്ടറിലേക്ക് കാട്ടുപന്നി ഇടിച്ചു കയറി കൗണ്ടറിലുണ്ടായിരുന്ന ഇടപാടുകാരന് പരുക്ക്. ബസ് സ്റ്റാൻഡിനു സമീപം മുണ്ടക്കയം റോഡിൽ സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്കാണു കാട്ടുപന്നി ഇടിച്ചു കയറിയത്. മഠത്തിൽ എസ്റ്റേറ്റ് ജീവനക്കാരൻ മുക്കട കൂവക്കാവ് വാണിയമ്പറമ്പിൽ എൻ.വി. ഗോപാലന് (80) ആണ് പരുക്കേറ്റത്.
കാട്ടുപന്നി ഇടിച്ചു കയറിയതിനെ തുടർന്ന് എടിഎം കൗണ്ടറിന്റെ ചില്ല് തകർന്നു വീണ് ഗോപാലന്റെ കാലുകൾക്കു മുറിവേറ്റു. ഇടതു കാലിന് 2 തുന്നലുണ്ട്. കാട്ടുപന്നി പാഞ്ഞു കയറിയെങ്കിലും ഗോപാലൻ പെട്ടന്ന് പുറത്തേക്ക് ഓടിയതിനാലാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയിൽ കാട്ടുപന്നി കൗണ്ടറിലേക്ക് പാഞ്ഞുകയറുന്നതും ഗ്ലാസ് തകർക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 7 മണിയോടെ ആണ് സംഭവം. എസ്റ്റേറ്റിലേക്ക് ജോലിക്ക് പോകുമ്പോൾ പണം എടുക്കാനാണ് ഗോപാലൻ എടിഎമ്മിൽ കയറിയത്. പണം എടുക്കാൻ വേണ്ടി കാർഡ് ഇട്ടതിനു പിന്നാലെ വലിയ ശബ്ദത്തോടെ പിന്നിലെ ഗ്ലാസ് ഡോർ പൊളിഞ്ഞു വീണു. കൗണ്ടറിലേക്ക് കാട്ടുപന്നി പാഞ്ഞുകയറിയതു കണ്ട് ഒരു നിമിഷം പകച്ചു. ഈ സമയം കാട്ടുപന്നി കൗണ്ടറിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി.
പന്നിയുടെ ആക്രമണത്തിൽ രക്ഷപെടാൻ ഗോപാലൻ പെട്ടെന്നു പുറത്തേക്ക് ഓടി. ഈ സമയത്താണ് പൊട്ടിവീണ ചില്ല് കാലിൽ തുളച്ചു കയറിയത്. ഗോപാലനു പിന്നാലെ കാട്ടുപന്നി കൗണ്ടറിൽ നിന്ന് പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ഗോപാലൻ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. അപകടത്തിനു പിന്നാലെ ബാങ്ക് അധികൃതർ എത്തി ബാങ്കിന്റെ എടിഎം താൽക്കാലികമായി അടച്ചു.
ചരള ഭാഗത്ത് കൂട്ടമായി എത്തിയ കാട്ടുപന്നികൾ തിങ്കളാഴ്ച രാവിലെ റോഡിലൂടെയും പുരയിടങ്ങളിലൂടെയും ഓടി നടക്കുന്നുണ്ടായിരുന്നു. അതിൽ ഒന്നാണ് എടിഎമ്മിലേക്കു കയറിയതെന്ന് സംശയിക്കുന്നു. വനം വകുപ്പിനു പരാതി നൽകാൻ തിങ്കളാഴ്ച എത്തിയിട്ട് ആരും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വീണ്ടും എത്തി പരാതി നൽകുമെന്നും ഗോപാലൻ അറിയിച്ചു.