സുരക്ഷിതയാത്ര ഭീഷണിയിൽ; കെകെ റോഡിലുണ്ട് മൂന്ന് അപകടവളവുകൾ
Mail This Article
പുളിക്കൽകവല ∙ ദേശീയ പാത 183ൽ (കെകെ റോഡ്) അപകടം പതിയിരിക്കുന്ന 3 വളവുകൾ. എന്നാൽ വളവ് നിവർത്തുന്നതിനോ മുന്നറിയിപ്പു സംവിധാനം സ്ഥാപിക്കാനോ നടപടിയില്ല. വാഴൂർ സെന്റ് പോൾസ് സ്കൂളിനു സമീപത്തുനിന്നു കോട്ടയം ഭാഗത്തേക്കു പ്രവേശിക്കുമ്പോഴാണ് തുടർച്ചയായി 3 വളവുകളിലെ അപകടസാധ്യത. ദിവസവും നൂറിലേറെ വാഹനങ്ങളാണ് പാതയിലൂടെ കടന്നു പോകുന്നത്. അതിനാൽ തന്നെ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തത് അപകടഭീഷണിയാകുന്നു. ചെറുതും വലുതുമായ അപകടങ്ങൾ വളവുകളിൽ പതിവാണ്. അതിനാൽ വളവുകൾ നിവർത്തണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.
പക്ഷേ നടപടി എങ്ങും എത്തിയിട്ടില്ല. റോഡിനു സമീപം നടപ്പാതകളുടെ അഭാവമുണ്ട്. സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികളടക്കമുള്ള കാൽനടയാത്രികർ എങ്ങനെ സഞ്ചരിക്കുമെന്ന ആശങ്ക ശേഷിക്കുന്നു. റോഡിനു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടഭീഷണിയാണ്. അതിനാൽ വളവ് നിവർത്തുന്നതിനുള്ള നടപടി ആരംഭിക്കണമെന്നും ഏറ്റവും അടിയന്തരമായി സിഗ്നൽ ലൈറ്റ്, മറ്റു മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.