പെൺമനം നിറച്ച്...; 2025 കുമരകത്തിന് സ്ത്രീസൗഹൃദ ടൂറിസം

Mail This Article
കുമരകം ∙ വനിതാസഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനായി മാറുകയാണു കുമരകം. ഇവിടേക്ക് ഇവരുടെ കൂടുതൽ സംഘങ്ങളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ടൂറിസം വനിതാ സമ്മേളനം മൂന്നാറിൽ കഴിഞ്ഞതോടെ വനിതകളുടെ വരവു തുടങ്ങിയിരുന്നു. നേരത്തേ വനിതാ വിനോദസഞ്ചാരികൾ മാത്രമായി എത്തിയിരുന്നെങ്കിലും ഡെസ്റ്റിനേഷനായി മാറുന്നതിലാണു കൂടുതൽ പ്രതീക്ഷ.
കഴിഞ്ഞ 6 മാസത്തിനിടെ പത്തിലേറെ വിദേശവനിതകൾ അടങ്ങിയ 18 ഗ്രൂപ്പുകൾ എത്തി. കൂടാതെ മൂന്നും നാലും പേരടങ്ങുന്ന 22 അംഗ സംഘവും എത്തി. അന്യസംസ്ഥാനങ്ങളിൽ നിന്നു വനിതകൾ മാത്രം അടങ്ങുന്ന സംഘവും എത്തിയിരുന്നു.
യൂറോപ്യൻ വനിതാ സഞ്ചാരികൾ
∙യൂറോപ്യൻ വനിതാ സഞ്ചാരികൾക്കു കുമരകം പ്രിയ ഡെസ്റ്റിനേഷനായി മാറുമെന്നാണു പ്രതീക്ഷ. കൊടുംതണുപ്പുള്ള യൂറോപ്പിൽ നിന്നുള്ള വനിതാസഞ്ചാരികളാണ് അടുത്തയിടെ കൂടുതലായി വന്നത്. ഫ്രഞ്ച് വനിതകളായ സിസിലിയ പപ്പടിമോ പോളുസും സുഹൃത്ത് ലീന എസാറുമാണ് അടുത്തയിടെ എത്തിയ വനിതാ വിനോദസഞ്ചാരികൾ. ലേക്ക് സോങ് റിസോർട്ടിലായിരുന്നു അവരുടെ താമസം. ഒട്ടേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള ഇരുവർക്കും കുമരകത്തിന്റെ ഗ്രാമഭംഗിയും പച്ചപ്പുമാണു കൂടുതൽ ഇഷ്ടപ്പെട്ടത്.
ഹൃദ്യമായി കായൽ വിഭവം
∙കായൽവിഭവങ്ങളായ കൊഞ്ചും ഞണ്ടും കരിമീനും കുമരകത്തിന്റെ കറിക്കൂട്ടുകളാണ് ഷെഫുമാർ നൽകിയത്. കുമരകത്തിന്റെ ഗ്രാമഭംഗിയും ആസ്വദിച്ചു. ചൂണ്ടയിട്ടും ചെറുവള്ളങ്ങൾ തുഴഞ്ഞും കായൽഭംഗിയും കുമരകത്തെ ഭക്ഷണവൈവിധ്യങ്ങളും ആസ്വദിച്ചും വനിതകൾ അവധിക്കാലം ആസ്വദിച്ചു.
വനിതാസംഗമം
∙ഉത്തരവാദിത്ത ടൂറിസത്തിന്റെ ആഗോള വനിതാസംഗമം കേരളത്തിൽ നടന്നതു കൂടുതൽ വിദേശ വനിതാ വിനോദസഞ്ചാരികളുടെ വരവിനു ഗുണകരമായെന്നു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് മുൻ ജനറൽ സെക്രട്ടറി കെ.അരുൺകുമാർ പറഞ്ഞു.