പേട്ടതുള്ളൽ: എരുമേലിയിൽ 10നും 11നും ഗതാഗത നിയന്ത്രണം
Mail This Article
എരുമേലി ∙ പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്. ഇതുകൂടാതെ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും 100 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം.അനിൽകുമാറിനെ കൂടാതെ മറ്റൊരു ഡിവൈഎസ്പി കൂടി സേവനത്തിന് ഉണ്ടാകും. 4 എസ്എച്ച്ഒമാർ, 7 എസ്ഐമാർ എന്നിവരും സേവനത്തിന് എരുമേലിയിൽ ഉണ്ടാകും. ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എസ്എച്ച്ഒ ഇ.ഡി.ബിജു അറിയിച്ചു.
ഗതാഗത നിയന്ത്രണം
എരുമേലിയിൽ 10നും 11നും ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഇങ്ങനെ:
∙ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു റാന്നി – പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കുറുവാമൂഴി പെട്രോൾ പമ്പ് ജംക്‌ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് – പതാലിപ്പടി (അമ്പലത്തിനു പിൻവശം) കരിമ്പിൻതോട് ചെന്ന് മുക്കട വഴി പോകണം.
∙കാഞ്ഞിരപ്പള്ളി കുറുവാമൂഴി ഭാഗത്തുനിന്ന് എരുമേലി – മുണ്ടക്കയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറമട – മഠംപടി വഴി പോകണം.
∙മുണ്ടക്കയം ഭാഗത്തുനിന്ന് റാന്നി – പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പ്രപ്പോസ് – എംഇഎസ് – മണിപ്പുഴ വഴി വന്ന് ഇടത്തോട്ടു തിരിഞ്ഞ് കനകപ്പലം വഴി പോകണം.
∙റാന്നി ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കട റബർ ബോർഡ് ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ചാരുവേലി – കറിക്കാട്ടൂർ സെന്റർ – പഴയിടം – ചിറക്കടവ് വഴി പോകണം.
∙പമ്പാവാലി ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് പ്രപ്പോസ് – പാറമടയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് പോകണം.
∙പമ്പാവാലി ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് പ്രപ്പോസ് – പാറമട – പുലിക്കുന്ന് വഴി പോകണം.
കൂടുതൽ പട്രോളിങ് സംഘങ്ങൾ സജ്ജമാക്കാൻ മോട്ടർ വാഹന വകുപ്പ്
എരുമേലി∙ അപകടങ്ങൾ ഒഴിവാക്കുന്നതിനു മോട്ടർ വാഹന വകുപ്പ് നടപടികൾ ശക്തമാക്കും. നിലവിലുള്ള 4 സേഫ് സോൺ പട്രോളിങ് സംഘങ്ങൾക്കു പുറമേ ജില്ലയിലെ 6 മോട്ടർ വാഹന വകുപ്പ് ഓഫിസുകളിലെ ഓരോ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെയും ഓരോ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെയും വീതം ഉപയോഗിച്ച് 8 സേഫ് സോൺ പട്രോളിങ് സംഘങ്ങൾ സജ്ജമാക്കും. 19 വരെ ഈ സംഘങ്ങളുടെ സേവനം ലഭ്യമാക്കും.
കാൽനട തീർഥാടകർക്ക് റിഫ്ലക്ടീവ് ടേപ്പ് പതിപ്പിക്കുന്നു
മോട്ടർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതിയുടെ ഭാഗമായി, കാനനപാതയിലൂടെ പോകുന്ന തീർഥാടകരുടെ ബാഗിൽ എരുമേലിയിൽ വച്ച് റിഫ്ലക്ടീവ് ടേപ്പ് പതിപ്പിച്ചു തുടങ്ങി. വാഹന ഡ്രൈവർമാർക്കു നടന്നുപോകുന്നവരുടെ ദൃശ്യം കൂടുതൽ വ്യക്തമാകുന്നതിനാണ് ഈ നടപടി. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി.ശ്യാം, എരുമേലി സേഫ് സോൺ കൺട്രോളിങ് ഓഫിസർ ഷാനവാസ് കരീമിന്റെ നിർദേശപ്രകാരം എംവിഐമാരായ ജോണി തോമസ്, പി.ജി.സുധീഷ്, മനോജ് കുമാർ, ആശാകുമാർ, എഎംവിഐമാരായ ദീപു, ടിനേഷ് മോൻ, സെബാസ്റ്റ്യൻ, സുരേഷ് കുമാർ, റെജി എ.സലാം എന്നിവർ നേതൃത്വം നൽകി. മകരവിളക്ക് ദിവസമായ 14 വരെ ഇതു തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളൽ 11ന്
എരുമേലി ∙ ശബരിമല തീർഥാടനത്തിന്റെ ഭാഗമായുള്ള അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ 11നു നടക്കും. രാവിലെ ആകാശത്തു ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതു ദർശിച്ച ശേഷമാണ് അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് പേട്ടസദ്യ. ഉച്ചകഴിഞ്ഞ് 3നു ഭഗവാന്റെ പ്രതീകമായ നക്ഷത്രം മാനത്തു തെളിയുമ്പോഴാണ് അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുന്നത്.
6നു പേട്ടതുള്ളൽ ക്ഷേത്രത്തിൽ സമാപിക്കും. 8നു കളമെഴുത്തും പാട്ടും. തുടർന്ന് എതിരേൽപ് നടക്കും. പേട്ടതുള്ളലിന്റെ ഭാഗമായുള്ള കളമെഴുത്തും പാട്ടും ഇന്നു മുതൽ 11 വരെ ക്ഷേത്രത്തിൽ നടക്കും. കളമെഴുത്തുപാട്ടിനോട് അനുബന്ധിച്ചുള്ള എതിരേൽപിനും പേട്ടയ്ക്കും തൃക്കടവൂർ ശിവരാജു ഭഗവാന്റെ തിടമ്പേറ്റും. ഇന്നു വൈകിട്ട് 6.15ന് അമനകര ഹരി മാരാരുടെ സോപാനസംഗീതം, 6.45നു നാദാർച്ചന, 8നു കളമെഴുത്തും പാട്ടും, എതിരേൽപ്. നാളെ വൈകിട്ട് 7.30നു കളമെഴുത്തും പാട്ടും, എതിരേൽപ്, രാത്രി 11.45നു ക്ഷേത്രം കിഴക്കേ ഗോപുരത്തിനു സമീപം എരുമേലി ചന്ദനക്കുടം ഘോഷയാത്രയ്ക്കു ദേവസ്വം ബോർഡ് സ്വീകരണം നൽകും.
തീർഥാടനം: പാർക്കിങ് നിരക്ക് ഏകീകരിച്ചു
എരുമേലി ∙ തീർഥാടന മേഖലയിലെ സ്വകാര്യ പാർക്കിങ് മൈതാനങ്ങളിലെ ചൂഷണം തടയുന്നതിനു പഞ്ചായത്ത് പാർക്കിങ് നിരക്ക് ഏകീകരിച്ച് ഉത്തരവിട്ടു. ദേവസ്വം ബോർഡ് 3 പാർക്കിങ് മൈതാനങ്ങളിലും വാങ്ങുന്ന നിരക്കു മാത്രമേ സ്വകാര്യ പാർക്കിങ് മൈതാനങ്ങളിലും വാങ്ങാൻ പാടുള്ളൂ എന്നാണ് ഉത്തരവ്. ഇതും സംബന്ധിച്ചു നോട്ടിസ് സ്ഥാപിക്കണം.
ഇന്നു മുതൽ കർശന പരിശോധന നടത്തുമെന്നും അധിക തുക വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശമാണു പഞ്ചായത്ത് നിരക്കു നിശ്ചയിച്ച് റവന്യു കൺട്രോൾ റൂം അധികൃതർക്കു കൈമാറിയത്.പഞ്ചായത്ത് സ്ക്വാഡും റവന്യു സ്ക്വാഡും പുതിയ നിരക്കു സംബന്ധിച്ച് എല്ലാ സ്വകാര്യ പാർക്കിങ് മൈതാനങ്ങൾക്കും നോട്ടിസ് നൽകും. നിലവിൽ സ്വന്തം നിരക്കു പ്രദർശിപ്പിച്ചിട്ടുള്ള ബോർഡുകൾ നീക്കണമെന്നാണു നിർദേശം.