മാർകഴി കലശം സമാപിച്ചു
Mail This Article
വൈക്കം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പത്തു ദിവസമായി നടന്ന മാർകഴി കലശം സമാപിച്ചു. തിരുവിതാംകൂർ മഹാരാജാവിന്റ കൽപനയാൽ നടത്തുന്നത് കൊണ്ട് കൽപിച്ചു കലശം എന്നും അറിയപ്പെടുന്നു. സമാപന ദിവസമായ ഇന്നലെ രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പും നടന്നു. ചടങ്ങുകൾക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി മേൽ ശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
ഇന്ന് രാവിലെ 6ന് രുദ്ര പൂജയും, നാളെ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉദയാസ്തമനപൂജയും നടത്തും. പരശുരാമാനാൽ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളിൽ പ്രാധാന്യമേറിയ മാർകഴി കലശം മാർകഴി മാസത്തിലാണ്. തിരുവിതാംകൂർ മഹാരാജാവിന്റെ ജന്മ നക്ഷത്രം ആദിയിലോ അന്തിയിലോ വരുന്ന വിധമാണ് കലശം നടത്തിവരുന്നത്. മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ ബ്രഹ്മ കലശവും വലിയ ചെമ്പ് അണ്ഡാവിൽ ജല ദ്രോണിയും പൂജിച്ച് നിത്യേന നൂറ്റിയൊന്നു കലശം അഭിഷേകം ചെയ്ത് പത്തു ദിവസം കൊണ്ടു പൂർത്തിയാക്കുന്നതാണു മാർകഴി കലശം.