കാറിടിച്ചു പരുക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു
Mail This Article
പൊൻകുന്നം ∙ ക്രിസ്മസ് തലേന്നു വഴിയരികിൽ നിൽക്കവേ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു പരുക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു ചികിത്സാ സഹായം തേടുന്നു. തെക്കേത്തുകവല തൈമുറിയിൽ ടി.ആർ.ഹരിദാസിന്റെയും ശാന്തകുമാരിയുടെയും ഇളയ മകൻ ടി.എച്ച്.നിതിൻ (21) ആണു ഗുരുതര പരുക്കുകളോടെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നത്. ട്രോമകെയർ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന നിതിന്റെ ചികിത്സയ്ക്കായി ദിവസം 25000 ലധികം രൂപ ആവശ്യമാണ്.
വിദേശ ജോലി ലക്ഷ്യമാക്കി പ്ലസ് ടു കഴിഞ്ഞു ജർമൻ ഭാഷ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു നിതിൻ. രോഗാവസ്ഥയിലുള്ള അച്ഛനും ജോലിയില്ലാത്ത അമ്മയ്ക്കും വരുമാനമില്ല. നിതിന്റെ സഹോദരൻ പെയ്ന്റ് കടയിൽ ജോലിക്കു പോകുന്നതാണ് ഏക വരുമാനം. നിതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സഹോദരനും ഇപ്പോൾ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. നിതിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്.
കഴിഞ്ഞ 24നു രാത്രി 9.30ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തെക്കേത്തുകവല കൃഷിഭവനു മുൻപിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ചിറക്കടവ് പേരൂർക്കവല അറത്തിൽ അദ്വൈത് ലാൽ(20) പിറ്റേന്നു മരിച്ചു. ഇരുവരും സുഹൃത്തുക്കൾക്കൊപ്പം വഴിയരികിൽ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ടെത്തിയ കാർ ഇവരെ ഇടിച്ചു തെറിപ്പിച്ചത്. പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ തട്ടിയ ശേഷമാണ് കാർ ഇവരെ ഇടിച്ചത്. കാറിന് മുകളിലേക്കു യുവാക്കൾ തെറിച്ച് വീണതായിട്ടാണു ദൃക്സാക്ഷികൾ പറയുന്നത്. കാറിന്റെ ചില്ലിൽ തലയിടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
പേര് : ടി.ആർ.ഹരിദാസ്
എസ്ബിഐ, തെക്കേത്തുകവല ശാഖ
അക്കൗണ്ട് നമ്പർ: 57046565568
ഐഎഫ്‌എസ്‌സി : SBIN0070430