ADVERTISEMENT

കോട്ടയം ∙ വോട്ടർമാരാകാൻ യുവജനങ്ങൾക്കു മടി. വോട്ടർ പട്ടികയിലെ 18–19 പ്രായവിഭാഗക്കാരുടെ എണ്ണത്തിൽ ജില്ലയിലും വ്യാപകമായ കുറവ്. ആകെ വോട്ടർമാരുടെ എണ്ണത്തിൽ 0.73% മാത്രമാണ് 18–19 വിഭാഗത്തിലുള്ളത്. 11,769 പേർ മാത്രമാണ് ഈ പ്രായവിഭാഗത്തിൽ വോട്ടർമാരായുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥികളുമായി തട്ടിച്ചു നോക്കുമ്പോൾ ശരാശരി ഏഴായിരത്തോളം പേരുടെ കുറവ് വോട്ടർ പട്ടികയിലുണ്ട്.  എസ്എസ്എൽസിക്കു പുറമേ മറ്റു ബോർഡ് പരീക്ഷകൾ     പൂർത്തിയാക്കിയ വിദ്യാർഥികളുടെ എണ്ണം കൂടി ചേർന്നാൽ ഈ കണക്ക് ഇനിയും ഉയരും.

ജില്ലയിൽ ആകെ 16 ലക്ഷം വോട്ടർമാർ
 പുതുക്കിയ വോട്ടർപട്ടിക അനുസരിച്ച് ജില്ലയിൽ 16,05,528 വോട്ടർമാർ. സ്ത്രീവോട്ടർമാരാണു കൂടുതൽ- 8,27,002. പുരുഷന്മാർ- 7,78,510. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 16 പേരുണ്ട്. 1535 പ്രവാസി വോട്ടർമാരുമുണ്ട്. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണു കൂടുതൽ വോട്ടർമാർ. കുറവ് വൈക്കത്തും.

നിയമസഭാ മണ്ഡലം  തിരിച്ചുള്ള വോട്ടർമാർ
∙ പാലാ: 1,86,234
(പുരുഷൻ- 90,079, സ്ത്രീ- 96,155, ട്രാൻസ്ജെൻഡർ- 0)
∙ കടുത്തുരുത്തി: 1,87,790
(പുരുഷൻ- 91,199, സ്ത്രീ- 96,589, ട്രാൻസ്ജെൻഡർ- 2)
∙ വൈക്കം: 1,63,981
(പുരുഷൻ- 79,406, സ്ത്രീ- 84,572, ട്രാൻസ്ജെൻഡർ- 3)
∙ ഏറ്റുമാനൂർ: 1,68,848
(പുരുഷൻ- 82,090, സ്ത്രീ- 86,757, ട്രാൻസ്ജെൻഡർ- 1)
∙ കോട്ടയം: 1,64,311
(പുരുഷൻ- 78,901, സ്ത്രീ- 85,409, ട്രാൻസ്ജെൻഡർ- 1)
∙ പുതുപ്പള്ളി: 1,80,593
(പുരുഷൻ- 87,714, സ്ത്രീ- 92,873, ട്രാൻസ്ജെൻഡർ- 6)
∙ ചങ്ങനാശേരി: 1,73,563
(പുരുഷൻ- 82,972, സ്ത്രീ- 90,589, ട്രാൻസ്ജെൻഡർ- 2)
∙ കാഞ്ഞിരപ്പള്ളി: 1,88,626
(പുരുഷൻ- 91,309, സ്ത്രീ- 97,316, ട്രാൻസ്ജെൻഡർ- 1)
∙ പൂഞ്ഞാർ: 1,91,582
(പുരുഷൻ- 94,840, സ്ത്രീ- 96,742, ട്രാൻസ്ജെൻഡർ- 0)

ജില്ലയിലെ നവവോട്ടർമാർ
∙ 18–19 വയസ്സിന് ഇടയിലുള്ളവർ: 11769
∙ എസ്എസ്എൽസി പരീക്ഷ എഴുതിയവർ:
2021– 19,685
2022– 19,452
2023– 18,910
വോട്ടിങ് പ്രായം
(പ്രായം, വോട്ടർമാർ, ആകെ വോട്ടർമാരിലെ ശതമാനം എന്ന ക്രമത്തിൽ)
18-19: 11769, 0.73
20-29: 220557, 13.74
30-39: 271688, 16.92
40-49: 315731, 19.67
50-59: 325152, 20.25
60-69: 252813, 15.75
70-79: 150054, 9.35
80-89: 49236, 3.07
90-99: 8047, 0.5
100-109: 453, 0.03
110-119: 28, 0.002

തിരഞ്ഞെടുപ്പു കമ്മിഷനോട് ഒരു കാര്യം മാത്രമാണു പറയാനുള്ളത്: തിരഞ്ഞെടുപ്പു ബൂത്തുകളിലെ നീണ്ട നിര നിയന്ത്രിക്കുക.ഈ നിര കണ്ട് എങ്ങനെ ചെറുപ്പക്കാർ വോട്ട് ചെയ്യും. ആളുകൾക്കു മനസ്സ് മടുപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ മാറ്റണം. ബൂത്തുകൾ ചെറുതാക്കുകയാണു വേണ്ടത്.

 

 

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതും പൊതുകാര്യങ്ങളിൽ ഇടപെടുന്നതുമെല്ലാം തരംതാണ ജോലിയാണെന്നു കരുതുന്ന രീതിയിൽ അതിനെ ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്കു വലിയ പങ്കുണ്ട്. എന്നാൽ സത്യസന്ധമായ ഓഡിറ്റിങ് നടത്തിയാൽ ഏറ്റവും സജീവമായും സാമൂഹികമായും നല്ല മാറ്റങ്ങൾക്കായി ഇടപെടുന്നതു രാഷ്ട്രീയ പ്രവർത്തകരാണെന്നു മനസ്സിലാക്കാം. രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയം നിങ്ങളിൽ ഇടപെടും എന്ന എക്കാലത്തെയും പ്രസക്തമായ വാചകം മനസ്സിലാക്കാം. അങ്ങനെ ഇടപെടാൻ ശേഷിയുള്ള രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നതാണു നല്ലതെന്ന തിരിച്ചറിവാണു വേണ്ടത്.

വിദ്യാർഥികളുടെ വിദേശപഠനം, വിദേശജോലി എന്നിവ വോട്ടർ പട്ടികയിൽ പ്രതിഫലിപ്പിക്കും. സംസ്ഥാനം മോശമെന്ന് അതിന് അർഥമില്ല. കേരളം ചെറിയ സംസ്ഥാനമാണ്. രാജ്യത്തെ മറ്റു ഭാഗങ്ങൾക്കും യുവജനങ്ങളെ പിടിച്ചുനിർത്താനാകുന്നില്ല. യുവത ഇഷ്ടപ്പെടുന്നതു വിലക്കുകളും ജാതിമത സംഘർഷങ്ങളും ഇല്ലാത്ത രാജ്യങ്ങളാണ്. കാലോചിതമായ പരിഷ്കാരങ്ങളാണു വേണ്ടത്.

 

 

കേരളത്തിലെ യുവജനങ്ങളുമായി സംവദിച്ച് പൊതുപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കു യുവജനങ്ങളുടെ പങ്കു വലുതാണ്. അവരുടെ വിവിധ വിഷയങ്ങളിൽ കൂട്ടായ പഠനത്തിനും പരിഹാരത്തിനും ശ്രമമുണ്ടാകും. വോട്ടർ പട്ടികയിൽ എണ്ണം കുറഞ്ഞതിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും യുവജനങ്ങൾക്കും ഒരേ പങ്കുണ്ട്.

യുവജനങ്ങളുടെ കാഴ്ചപ്പാടുകൾക്കൊത്ത് നിലവിലുള്ള രാഷ്ട്രീയ– ഭരണ നേതൃത്വങ്ങൾ ഉയർന്നു വരാത്തതാണു രാഷ്ട്രീയത്തോടും തിരഞ്ഞെടുപ്പുകളോടും വിമുഖത ഉണ്ടാകാൻ കാരണം. പ്രധാനമായും തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങൾ യുവജനങ്ങളെ നിലവിലുള്ള വ്യവസ്ഥിതിയിൽ നിന്ന് അകറ്റുന്നു. പുതിയ തലമുറയ്ക്ക് അനുസൃതമായ നിലപാടുകളും കാഴ്ചപ്പാടുമുള്ള നേതൃത്വം ഉണ്ടായാൽ മാത്രമേ യുവത്വത്തെ ആകർഷിക്കാൻ കഴിയൂ.

പ്രായം കുറഞ്ഞവരും വിദ്യാസമ്പന്നരും നിയമപരിജ്ഞാനം ഉള്ളവരും മത്സരരംഗത്തു വരാത്തതാണു ചെറുപ്പക്കാർക്കു വോട്ടെടുപ്പിനോടു താൽപര്യം കുറയാൻ കാരണം. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ആകുന്നവർക്കു ബിരുദയോഗ്യതയെങ്കിലും വേണം. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം സ്വന്തം മുതലെടുപ്പിനു വേണ്ടി ഉപയോഗിക്കുന്നു എന്ന തോന്നലും വോട്ടിങ്ങിനു താൽപര്യം കുറയാൻ കാരണമാണ്.

ജനാധിപത്യ മൂല്യങ്ങൾ യുവജനങ്ങളിലേക്കു കൃത്യമായി എത്തുന്നില്ല. രാഷ്ട്രീയമായ അജ്ഞതയോ രാഷ്ട്രീയക്കാരുടെ അല്ലെങ്കിൽ ഭരണകർത്താക്കളുടെ പോരായ്മകളോ അവർ ചില കാര്യങ്ങളിൽ എങ്കിലും ചെയ്യുന്ന അനീതികളോ ഒക്കെയുമാകാം കാരണം. യുവാക്കളുടെ ഇടപെടലുകൾ ഇല്ലെങ്കിൽ ഇന്ത്യയുടെ ഭരണസംവിധാനത്തിനും ജനാധിപത്യത്തിനും വലിയ വെല്ലുവിളികൾ നേരിടേണ്ടിവരും.

ഒരു രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുന്ന വരുംതലമുറയെ കെയർ ചെയ്യാൻ ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയും തയാറല്ല. അതുവഴി പലരും വിദേശത്തേക്കു കുടിയേറുന്നു. ട്രേഡ് യൂണിയനുകളുടെ അതിപ്രസരവും ഇതിനൊരു കാരണമാണ്. നിയമസഭ, പാർലമെന്റ് എന്നിവിടങ്ങളിലേക്കു മത്സരിക്കുന്നവർക്കു വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കണം

വോട്ടർ പട്ടികയിൽ എണ്ണം കുറയുന്നതിനു പ്രധാന കാരണം പലരും പ്രായപൂർത്തിയാകുന്നതോടെ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കു പോകുന്നതാണ്. യുവസമൂഹത്തിനു വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കുറയുന്നതും കാരണമാണ്. തൊഴിലവസരങ്ങൾ കുറയുന്നതും യുവജനങ്ങൾക്കുള്ള പങ്കാളിത്തം ഇല്ലാതാകുന്നതുമൊക്കെ യുവജനങ്ങളിൽ ജനാധിപത്യവിശ്വാസം കുറയുന്നതിനു കാരണമാകുന്നു.

 

English Summary:

Kottayam youth voter apathy is alarming, with only 0.73% of registered voters aged 18-19. This represents a significant shortfall compared to the number of eligible students who have completed their SSLC examinations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com