പെട്ടെന്ന് അപ്രത്യക്ഷരായ കോട്ടയം നഗരത്തിലെ പുതിയ അതിഥികൾ എവിടെ?
Mail This Article
കോട്ടയം ∙ നഗരത്തിലെ പുതിയ അതിഥികൾ എവിടെ ? ജനറൽ ആശുപത്രി പരിസരത്തുള്ളവർ കഴിഞ്ഞ ദിവസം മുതൽ രണ്ടു കുട്ടി കുരങ്ങന്മാർക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്. കൺമുൻപിൽ അപ്രതീക്ഷിതമായി കണ്ട കുരങ്ങന്മാർ എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. വ്യാഴം ഉച്ചകഴിഞ്ഞ് 2.30ന് നഗര മധ്യത്തിൽ ബിസിഎം കോളജിനു എതിർവശത്തെ വെള്ളാപ്പള്ളി ലെയ്നിൽ കെട്ടിടങ്ങളുടെ മുകളിലാണ് കുരങ്ങന്മാർ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇവിടെ സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കൈയിൽ നിന്നു കേക്കും മറ്റു ഭക്ഷണ സാധനങ്ങളും വാങ്ങിക്കഴിച്ച ശേഷമാണ് ഇവർ പോയത്.
ഇതിനിടെ ഒട്ടേറെ പേർ കുരങ്ങന്മാരുടെ ചിത്രങ്ങളും പകർത്തി. അന്യസംസ്‌ഥാനങ്ങളിൽ നിന്നും പ്രത്യേകിച്ച് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും പച്ചക്കറികളുമായി വരുന്ന ലോറിയിൽ കയറിയാവാം ഇവർ ഇവിടെ എത്തിയത്. തൊട്ടടുത്ത് പച്ചക്കറി ചന്തയുള്ളത് സംശയത്തെ സാധൂകരിക്കുന്നു. എന്തായാലും വനം വകുപ്പിന്റെ കെണിയിൽ പെടുന്നതു വരെ ഇവർ നഗരത്തിലൂടെ വിലസുന്ന കഴ്‌ചകൾ വരും ദിവസങ്ങളിൽ കാണാം.