24 മീറ്റർ വീതിയിൽ 4 വരി പാതയായി കോട്ടയം– കുമളി റോഡ്: സാധ്യത തെളിയുന്നു; ഉന്നതതല യോഗം 15ന്
Mail This Article
കോട്ടയം ∙ ജില്ലയിലെ ദേശീയപാത വികസനത്തിനൊപ്പം കോട്ടയം ബൈപാസ് പദ്ധതിയും മുന്നോട്ട്. കോട്ടയം മണിപ്പുഴയിൽ നിന്നു പാമ്പാടി വെള്ളൂർ വരെയായിരിക്കും സമാന്തര പാത. ഇതു സംബന്ധിച്ച ഉന്നതതല യോഗം 15നു കോട്ടയം കലക്ടറേറ്റിൽ നടക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി വിളിച്ചു ചേർക്കുന്ന യോഗത്തിൽ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 24 മീറ്റർ വീതിയിൽ നാലുവരി പാതയായിട്ടാണ് ദേശീയപാത 183 (കെകെ റോഡ്) കൊല്ലം മുതൽ മുണ്ടക്കയം കല്ലേപ്പാലം വരെ വികസിപ്പിക്കുന്നത്. ഇതിനൊപ്പമാണ് കോട്ടയത്ത് പുതിയ ബൈപാസ് ചർച്ചയും നടക്കുന്നത്.
സാധ്യത ഇങ്ങനെ
ചിങ്ങവനം ഭാഗത്തുനിന്നു വരുമ്പോൾ മണിപ്പുഴയിൽ നാലുവരിപ്പാത ആരംഭിക്കുന്ന ഭാഗത്തു നിന്ന് തിരിഞ്ഞ് ഈരയിൽക്കടവ് ബൈപാസ്, റെയിൽവേ ലൈൻ എന്നിവ മുറിച്ചു കടന്നു പോകുന്ന തരത്തിലുള്ള ബൈപാസിന്റെ ഡിസൈൻ സാധ്യതയാണു പരിശോധിക്കുന്നത്. ഈ പ്രദേശത്ത് കൂടുതൽ വയലുകൾ ആയതിനാൽ ആളുകളെ ഒഴിപ്പിക്കുന്നതു കുറയ്ക്കാനാകും. തുടർന്ന് പാത കോട്ടയം– പുതുപ്പള്ളി റോഡ്, മണർകാട്– പുതുപ്പള്ളി റോഡ് എന്നിവ മുറിച്ചു കടന്ന് വെള്ളൂരിൽ നിലവിലെ ദേശീയപാതയിൽ എത്തിച്ചേരും. 30 മീറ്റർ വീതിയിൽ നാലുവരിയായാണു റോഡ് അലൈൻമെന്റ്. ദേശീയപാത വിഭാഗം ഇക്കാര്യത്തിൽ നടത്തിയ പ്രാഥമിക പഠനം യോഗത്തിൽ അവതരിപ്പിക്കും. മണിപ്പുഴയിൽ നിന്ന് എലിവേറ്റഡ് പാതയുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
ദേശീയ പാത വികസനം: ചർച്ച സജീവം
കൊല്ലം– ഡിണ്ടിഗൽ ദേശീയപാത 183 കൊല്ലം മുതൽ മുണ്ടക്കയം വരെ 24 മീറ്റർ വീതിയിൽ നാലുവരി പാതയാക്കാനുള്ള നടപടികൾ തുടരുകയാണ്.
കൊല്ലം – ചെങ്ങന്നൂർ വരെയും ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെയും കോട്ടയം മുതൽ പൊൻകുന്നത്തിനു സമീപം ചെങ്കൽ വരെയും ചെങ്കൽ മുതൽ മുണ്ടക്കയം കല്ലേപ്പാലം വരെയും വിവിധ റീച്ചുകളായാണു നടപടികൾ പുരോഗമിക്കുന്നത്.
ചെങ്ങന്നൂർ–കോട്ടയം ഭാഗത്തെ വിശദ പദ്ധതിരേഖ തയാറാക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾക്കായി 36 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിരുന്നു.
കോട്ടയം– മുണ്ടക്കയം ഭാഗത്തെ അലൈൻമെന്റ് തയാറാക്കാനുള്ള ചർച്ചകൾ തുടരുകയാണ്.
കെകെ റോഡ്
സംസ്ഥാനപാത എസ്എച്ച് 13 എന്ന കെകെ (കോട്ടയം–കുമളി) റോഡ് 2003 ഓഗസ്റ്റ് 25നാണ് ദേശീയപാത വിഭാഗം ഏറ്റെടുത്തത്. എൻഎച്ച് 220 ആയിരുന്നു ആദ്യ പേര്. 2017 ഏപ്രിൽ 17നു ദേശീയ പാത183 ആയി പുനർ നാമകരണം ചെയ്തു. കൊല്ലം കടവൂരിൽ ദേശീയ പാത 66ൽ നിന്നു തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ ദേശീയപാത 83 വരെ 350 കിലോമീറ്ററാണ് എൻഎച്ച് 183ന്റെ നീളം.