ഓടയുടെ മൂടികളും തകർന്നു; ചെല്ലിയൊഴുക്കം റോഡിൽ കാൽനട യാത്രയും ദുരിതം
Mail This Article
കോട്ടയം ∙ തകർന്ന് തരിപ്പണമായി കിടന്ന ചെല്ലിയൊഴുക്കം റോഡിലെ ഓടയുടെ മൂടികൾ കൂടി തകർന്നതോടെ കാൽനട യാത്രക്കാരും ദുരിതത്തിലായി. ശാസ്ത്രി റോഡിൽ നിന്നു ബസേലിയസ് കോളജ്, എംഡി സെമിനാരി സ്കൂൾ എന്നിവിടങ്ങളിലേക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കും വിദ്യാർഥികൾ അടക്കമുള്ളവർ ദിവസവും കാൽനടയായി യാത്ര ചെയ്യുന്ന വഴിയാണിത്. ഈരയിൽക്കടവ് മണിപ്പുഴ ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ ആശ്രയിക്കുന്ന എളുപ്പവഴിയുമാണ്. എന്നാൽ ഈ വഴി കുണ്ടും കുഴിയുമായി തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്നു കൗൺസിലർ പി.ആർ.സോന മുൻപ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. നഗരസഭയിലെ 52 വാർഡുകളിലെ ഓടകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് ഓരോ വാർഡിലേക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും പി.ആർ.സോന മുൻപ് പറഞ്ഞിരുന്നു. എന്നാൽ പലയിടങ്ങളിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല.
അതേസമയം, എൻബിഎസിനു സമീപത്തുകൂടി ചെല്ലിയൊഴുക്കം റോഡിൽ അവസാനിക്കുന്ന റോഡ് വർഷങ്ങളായി മഴവെള്ളം കുത്തിയൊഴുകി ഗർത്തങ്ങൾ രൂപപ്പെട്ട് കിടന്നിരുന്നത് കഴിഞ്ഞ ദിവസം ടാർ ചെയ്തു നന്നാക്കിയിരുന്നു. ഒട്ടേറെ ആളുകൾ ദിവസവും ആശ്രയിക്കുന്ന ചെല്ലിയൊഴുക്കം റോഡും എത്രയും വേഗം നവീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.