പഴയ തുരുത്തേൽ പാലം അപകടാവസ്ഥയിൽ; പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ
Mail This Article
കോട്ടയം ∙ മാങ്ങാനം പഴയ തുരുത്തേൽ പാലം അപകടാവസ്ഥയിൽ, പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ. മടുക്കാനി–ദേവലോകം റോഡിൽനിന്ന് കഞ്ഞിക്കുഴി – പുതുപ്പള്ളി റോഡിലേക്ക്, ഗോൾഡൻ ജൂബിലി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ എറ്റവുമധികം ഉപയോഗിക്കുന്ന പാലമാണിത്. പുതിയ തുരുത്തേൽ പാലം വന്നതോടെ പഴയപാലം അവഗണിക്കപ്പെട്ടു. എന്നാൽ പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് കുറവൊന്നുമില്ല. കൈവരികൾ തകർന്നു. പാലത്തിന്റെ ബലം പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. വീതി കുറവാണ്. ചെറുവാഹനങ്ങൾ ഇരുവശങ്ങളിൽ നിന്നും ഒരുപോലെ കയറിവരാറുണ്ട്.
വശം ചേർന്നാണ് ഇവ പോകുന്നത്. ഭീതിജനകമായ കാഴ്ചയാണിതെന്നും തോട്ടിൽ വീഴാനുള്ള സാധ്യത കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു. ഇരുവശങ്ങളിൽനിന്നും കയറിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ തമ്മിൽ തർക്കം ഉണ്ടാകാറുണ്ട്. കൈവരി സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പാലത്തിന് ബലം കുറവുണ്ടെങ്കിൽ പുതിക്കിപ്പണിയണമെന്നും ആവശ്യപ്പെട്ടു.