കുറുപ്പന്തറ മേൽപാലം: നടപടികൾ വേഗത്തിലാക്കി
Mail This Article
കുറുപ്പന്തറ ∙ മേൽപാലം നിർമാണ തടസ്സങ്ങൾ നീങ്ങിയതോടെ സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ വേഗത്തിലാക്കി റവന്യു വകുപ്പ്. മേൽപാലത്തിനായി ഏറ്റെടുക്കേണ്ട വസ്തു ഉടമകൾക്ക് നൽകാനുള്ള പണം റവന്യുവകുപ്പിന്റെ കൈയിലുണ്ട്. ഇത് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴ– മധുര മിനി ഹൈവേയിൽ കുറുപ്പന്തറയിലുള്ള റെയിൽവേയുടെ ലെവൽക്രോസിൽ മേൽപാലം നിർമിക്കുന്നതിനായി 2018 ൽ കിഫ്ബിയിൽ നിന്നും 30.56 കോടി രൂപ അനുവദിച്ചിരുന്നു.
ജിഎഡിക്ക് (ജനറൽ അറേഞ്ച്മെന്റ്സ് ഡ്രോയിങ് ഇൻ കൺസ്ട്രക്‌ഷൻ ഏരിയ) റെയിൽവേ അംഗീകാരവും ലഭിച്ചിരുന്നു.പൊന്നും വില നടപടി അനുസരിച്ച് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സർവേ നടപടികൾ പൂർത്തീകരിച്ച് സ്ഥല വിലയും കെട്ടിട വില നിർണയവും നടത്തി വിഞ്ജാപനം പുറപ്പെടുവിച്ചതോടെ സമീപവാസികളായ രണ്ട് പേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കോടതി തുടർനടപടികൾ തടഞ്ഞതോടെ പാലത്തിനായുള്ള നടപടികൾ അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയതോടെയാണ് റവന്യു വകുപ്പു നടപടികൾ വേഗത്തിലാക്കിയത്. സ്ഥലം ഏറ്റെടുക്കലിനു ചുമതലയുള്ള പാലാ തഹസിൽദാർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് നടപടികൾ. മേൽപാലത്തിന് സ്ഥലമെടുപ്പ് നടത്തുമ്പോൾ നിലവിലുള്ള 53 നിർമിതികൾ ഒഴിവാക്കേണ്ടി വരും. മേൽപാലത്തിന്റെ ആകെ നീളം 393.76 മീറ്റർ ആണ്. മണ്ണാറപ്പാറ ഭാഗത്തെ നീളം 218. 75 മീറ്ററും കുറുപ്പന്തറ ഭാഗത്തെ നീളം 141.8 മീറ്ററും ആണ്. റെയിൽവേ ഭാഗത്തിന്റെ നീളം 32.93 മീറ്ററും ആണ്.
മേൽപാലം രണ്ട് വരി പാതകളായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പാലത്തിന്റെ ആകെ വീതി 10.15 മീറ്റർ ആണ്. അതിൽ ക്യാരേജ് വേയുടെ വീതി 7.5 മീറ്ററും നടപ്പാതയുടെ വീതി 1.5 മീറ്ററും ആണ്. മേൽപാലത്തിനായി 0.2777 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നതിനായി പ്രഖ്യാപനം മുൻപ് പ്രസിദ്ധീകരിച്ചത്.പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് മേൽപാലം നിർമിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
‘നിർമാണംവേഗത്തിലാക്കാൻ നിർദേശം’
കടുത്തുരുത്തി ∙ കുറുപ്പന്തറ മേൽപാലം നിർമാണ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. മേൽപാലത്തിന്റെ നിർമാണത്തിനായി സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിൽ 2018 ൽ കിഫ്ബിയിൽ നിന്നും 30.56 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. സ്ഥലമെടുപ്പു നടപടികൾ പൂർത്തിയാക്കി സ്ഥലം ഉടമകൾക്ക് പണം കൈമാറാനുള്ള ഘട്ടത്തിലാണ് കോടതിയിൽ കേസ് എത്തിയത്. കേസ് കോടതി തള്ളിയതോടെ പാലത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്.