6 ഗവ.സ്കൂളുകളുടെ കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ
Mail This Article
പാലാ ∙ വിദ്യാഭ്യാസ ജില്ലയിലെ 100 വർഷത്തിനു മുകളിൽ പഴക്കമുള്ള 6 ഗവ.സ്കൂളുകളുടെ കെട്ടിട നിർമാണം വൈകുന്നു. 2020-21 ലെ ബജറ്റിൽ ഗവ.സ്കൂളുകളുടെ കെട്ടിടം പുനർ നിർമിക്കുന്നതിനു ആറര കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ പുതിയ കെട്ടിടങ്ങളുടെ നിർമാണം വർഷങ്ങൾ പിന്നിട്ടിട്ടും ആരംഭിച്ചിട്ടില്ല. ഒരു വർഷം മുൻപ് പൂവരണി ഗവ.യുപി സ്കൂളിന്റെ പഴയ കെട്ടിടങ്ങളിലൊന്ന് പൊളിച്ചു നീക്കിയെങ്കിലും ഇവിടെയും നിർമാണം ആരംഭിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പൂവരണി യുപി-1.58 കോടി, അന്തീനാട് യുപി-1.50കോടി, ചക്കാമ്പുഴ യുപി-2.30 കോടി, കെഴുവംകുളം എൽപി-1.50 കോടി, കൂടപ്പുലം എൽപി-1.58 കോടി, ഐങ്കൊമ്പ് എൽപി-1.58 കോടി എന്നിങ്ങനെയാണ് സ്കൂളുകൾക്ക് തുക അനുവദിച്ചിരിക്കുന്നത്. സ്കൂൾ കെട്ടിട നിർമാണത്തിനു മുൻപ് ആറര കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചതെങ്കിൽ ഇപ്പോൾ 10 കോടിയിലേറെ രൂപയ്ക്കാണ് ഭരണാനുമതി .3 വർഷം പിന്നിട്ടതോടെ നിർമാണ ചെലവ് കൂടിയതാണ് തുക വർധിക്കാൻ ഇടയാക്കിയത്.
പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗവും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്കൂൾ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 3 വർഷത്തിലേറെയായിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. പല തവണ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ ഉൾപ്പെടെ പരാതി ഉയർന്നെങ്കിലും നടപടിയുണ്ടായില്ല. മാണി സി.കാപ്പൻ എംഎൽഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടികൾ ഇഴയുകയാണ്.
വിവിധ തലങ്ങളിൽ സമ്മർദം ശക്തമായതിനെ തുടർന്നാണ് അടുത്തിടെ ഭരണാനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ വേഗത്തിലാക്കാനും ഇതു സംബന്ധിച്ച് റിപ്പോർട്ട്‍ നൽകാനും പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കലക്ടർ ജോൺ വി.സാമുവൽ നിർദേശം നൽകിയിട്ടുണ്ട്.
2020-21 ലും അതിനുശേഷവും ബജറ്റിൽ തുക അനുവദിച്ച മറ്റിടങ്ങളിലെ ഗവ.സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയത് നിർമിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഒരു സ്കൂൾ കെട്ടിടത്തിന്റെ പോലും നിർമാണം ആരംഭിക്കാത്തത് പാലായോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയരുന്നു.