ഈരാറ്റുപേട്ട ടൗണിലെ ഗതാഗത പരിഷ്കാരം വീണ്ടും പരാജയം
Mail This Article
ഈരാറ്റുപേട്ട ∙ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം പതിവുപോലെ പരാജയമായി മാറുമ്പോൾ ബസ് സ്റ്റോപ്പുകളുടെ കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്. നടപ്പാക്കിയ പരിഷ്കാരങ്ങൾ ഗതാഗത നിർദേങ്ങൾ എന്ന പേരിൽ പരസ്യബോർഡുകളിൽ മാത്രമായി ചുരുങ്ങി. കുരിക്കൾ നഗർ കേന്ദ്രീകരിച്ചായിരുന്നു ഗതാഗത പരിഷ്കാരങ്ങൾ ഏറെയും നടപ്പാക്കിയത്. മാർക്കറ്റ് റോഡിലേക്കും കോസ്‌വേ റോഡിലേക്കും വാഹനങ്ങൾ നേരിട്ട് പ്രവേശിക്കാതിരിക്കാൻ ഇവിടെ ബാരിക്കേഡും സ്ഥാപിച്ചു. യു ടേൺ എടുക്കരുത് എന്ന നിർദേശം ഉണ്ടെങ്കിലും നടപ്പായില്ല. പാലാ ഭാഗത്തുനിന്നു വരുന്ന ബസുകൾ ഒഴികെ മറ്റു ബസുകൾ ഇവിടെ നിർത്തരുതെന്നു നിർദേശം വന്നെങ്കിലും അതും പൂർണമായും നടപ്പായില്ല. സ്വകാര്യ ബസുകൾ ഇവിടെ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടെങ്കിലും കെഎസ്ആർടിസി ബസ് എവിടെ നിർത്തുമെന്ന യാത്രക്കാരുടെ സംശയം തുടരുകയാണ്.
കെഎസ്ആർടിസി ബസുകൾ സ്വകാര്യ ബസ് സ്റ്റാൻഡ് വഴി കടന്നുപോകണമെന്നാണ് നിർദേശം. പൂഞ്ഞാർ സ്‌റ്റോപ്പിലെത്തുന്നവർ ബസ് സ്റ്റാൻഡിലെത്തി ബസ് കാത്ത് നിന്നാലും പലപ്പോഴും ഇവ സ്റ്റാൻഡിൽ കയറുന്നില്ലെന്ന ആക്ഷേപമുണ്ട്. കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന വാഗമൺ, തലനാട്, കൈപ്പള്ളി റൂട്ടിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തീക്കോയി വാഗമൺ ഭാഗത്തേക്കുള്ള നിരവധി പേർക്ക് ബസ് കിട്ടാതെ പോയതായും പരാതികളുണ്ട്. ബസ്, സ്റ്റാൻഡിനുള്ളിലൂടെ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ പ്രധാന റോഡിൽ നിർത്തി ആളെ കയറ്റി കടന്നു പോയി. സ്റ്റാൻഡിന്റെ മുൻവശം ഓട്ടോ സ്റ്റാൻഡിനും അപ്പുറം റോഡിൽ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും കാരണമാകും. ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി കുരിക്കൾ നഗറിൽ പാലാ ഭാഗത്തു നിന്ന് ഒഴികെയുള്ള ബസുകൾ നിർത്താൻ പാടില്ല എന്നാണ് തീരുമാനം. ഇതോടെ കെഎസ്ആർടിസി ബസുകൾ ഇവിടെ നിർത്തുന്നത് അവസാനിപ്പിച്ചു.
പരിഷ്കാരങ്ങൾ തുടങ്ങി ഏതാനും ദിവസം പൊലീസും നഗരസഭ അധികൃതരും ഇവിടെ നിന്ന് നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് നിലച്ചു. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസുകൾ സിറ്റി ടവറിനു മുൻപിൽ പുതിയതായി ആരംഭിച്ച സ്റ്റോപ്പിൽ നിർത്തുമെങ്കിലും പലർക്കും ഇത് അറിയില്ല. കൂടുതൽ ആളുകളും കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പിലും സ്റ്റാൻഡിലുമായി ഇപ്പോഴും ബസ് കാത്തു നിൽക്കുന്നുമുണ്ട്. ഈ അടുത്തകാലത്തായി വാഗമൺ റൂട്ടിൽ നിരവധി ദീർഘദൂര സൂപ്പർഫാസ്റ്റ് , ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ബസുകൾ കുരിക്കൾ നഗറിൽ നിർത്താറില്ല. നാട്ടുകാർ കെഎസ്ആർടിസിക്ക് നിവേദനം നൽകിയെങ്കിലും ഗതാഗത പരിഷ്കാരം നിലനിൽക്കുന്നതിനാൽ നിർത്താനാകില്ല എന്ന നിലപാടിലാണ് കെഎസ്ആർടിസി.
ഇപ്പോൾ പരിഷ്കാരങ്ങൾ കടലാസിൽ മാത്രം ഒതുങ്ങിയപ്പോൾ ദുരിതം ബസ് കാത്തുനിൽക്കുന്ന സാധാരണക്കാർക്കു മാത്രമായി. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അടിയന്തരമായി പരിഹരിക്കുന്നതിനു നഗരസഭയും ഗതാഗത ഉപദേശ സമിതിയും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.