ചങ്ങനാശേരി കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണം ആരംഭിക്കുന്നു; അടുത്ത ആഴ്ച മുതൽ സ്റ്റാൻഡ് അടച്ചിടും
Mail This Article
ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്. ഒരു വർഷത്തിനുള്ളിൽ ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ. കാലപ്പഴക്കം മൂലം പൊളിച്ചു മാറ്റിയ കെട്ടിടത്തിനു പകരമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ടെർമിനൽ നഗരമധ്യത്തിൽ ഉയരുന്നത്. 6 കോടി 23 ലക്ഷം രൂപയുടെ ടെൻഡറാണ് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തിരിക്കുന്നത്. 7 കോടി 5 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി സ്റ്റാൻഡ് പൂർണമായും അടച്ച് പൂട്ടും. സ്റ്റാൻഡിൽ നിന്നുള്ള ബസ് സർവീസുകളും നിർത്തും.
സർവീസുകൾക്കായി പകരം സംവിധാനം ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ ചങ്ങനാശേരി നഗരസഭ, പൊലീസ്, കെഎസ്ആർടിസി വകുപ്പുകളുടെ സംയുക്ത യോഗം നടത്തിയിരുന്നു. ഈ മാസം 20നു മുൻപായി സ്റ്റാൻഡ് പൂട്ടാനാണ് ധാരണ. നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, സെക്രട്ടറി എൽ.എസ്.സജി, പൊലീസ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
പകരം സംവിധാനം
∙ എംസി റോഡിൽ കോട്ടയം ഭാഗത്ത് നിന്നെത്തുന്ന കെഎസ്ആർടിസി ബസുകൾ നഗരസഭയ്ക്ക് മുൻപിലുള്ള ടാക്സി സ്റ്റാൻഡ് ഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റിയിറക്കി തിരുവല്ല, ആലപ്പുഴ ഭാഗത്തേക്ക് കടന്നു പോകാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനു മുന്നോടിയായി ടാക്സി സ്റ്റാൻഡ് യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. കാറുകൾ മാറ്റി സഹകരിക്കാമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.
∙ തിരുവല്ല, ആലപ്പുഴ ഭാഗത്ത് നിന്നെത്തുന്ന കെഎസ്ആർടിസി ബസുകൾ എംസി റോഡിൽ അനു, അഭിനയ തിയേറ്ററുകൾക്ക് സമീപം നിർത്തി ആളുകളെ കയറ്റിയിറക്കി കടന്നു പോകും. നിലവിലെ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ഒരു സ്റ്റോപ്പും തിരുവല്ല, ആലപ്പുഴ ഭാഗത്ത് നിന്നുള്ള കെഎസ്ആർടിസി ബസുകൾക്ക് അനുവദിക്കും.
∙ കിഴക്കൻ മേഖലയിലേക്കുള്ള കെഎസ്ആർടിസി ബസുകൾക്ക് പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ ക്രമീകരണം ഒരുക്കും.
∙ ദീർഘദൂര കെഎസ്ആർടിസി ബസുകൾക്കുമായി വേഴയ്ക്കാട്ട് ചിറ ബസ് സ്റ്റാൻഡും തുറന്നു നൽകും.
∙ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, അന്വേഷണങ്ങൾ തുടങ്ങി അനുബന്ധ ഓഫിസുകളുടെ പ്രവർത്തനം പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡിലേക്ക് മാറ്റും.
∙ ബൈപാസ് റോഡ്, വേഴയ്ക്കാട്ടുചിറ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായി കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യും.
പുതിയ ടെർമിനൽ- ജോബ് മൈക്കിൾ എംഎൽഎ.
∙അത്യാധുനിക സൗകര്യങ്ങളടങ്ങിയ ടെർമിനലാണ് രണ്ട് നിലകളിലായി പൂർത്തിയാക്കുന്നത്. നഗരമധ്യത്തിൽ പൂർത്തിയാകുന്ന ടെർമിനലിലൂടെ മികച്ച വരുമാനവും കെഎസ്ആർടിസി ലക്ഷ്യമിടുന്നു. മുകൾ നിലയിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഡോർമെറ്ററി, താമസിക്കാനുള്ള മുറികൾ, കഫെറ്റീരിയ, ക്ലോക്ക് റൂം, എന്നിവ വാടക ഇനത്തിൽ നൽകും.
താഴത്തെ നിലയിൽ : പൊലീസ് എയ്ഡ് പോസ്റ്റ്, ഹെൽത്ത് സെന്റർ, കോഫി ഷോപ്പ്, കൺട്രോൾ റൂം, സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രം, അന്വേഷണങ്ങൾ, പൊതു കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും നൂതനമായ പരിഷ്കാരങ്ങളും പുതിയ ടെർമിനലിലുണ്ടാകും.
∙പുതിയ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടാകാത്ത വിധം യാത്രാസൗകര്യത്തിനായി സംവിധാനം ഏർപ്പെടുത്തും.