കോട്ടയം ജില്ലയിലെ കാട്ടുപന്നി സാന്നിധ്യം: 48 ഹോട്സ്പോട്ടുകൾ
Mail This Article
കോട്ടയം ∙ജില്ലയിൽ കാട്ടുപന്നി സാന്നിധ്യമുള്ള 48 ഇടങ്ങൾ വനംവകുപ്പിന്റെ ഹോട്സ്പോട്ട് പട്ടികയിൽ. കൃഷിനാശവും മനുഷ്യനുനേരെ ആക്രമണം നടന്ന സ്ഥലങ്ങളും പരിശോധിച്ചാണ് ഹോട്സ്പോട്ട് തയാറാക്കിയത്. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർ, സ്ഥലം എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്, കർഷക സംഘടന പ്രതിനിധി, സർക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവർത്തനവും ശക്തമാക്കും. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പാക്കിയ ശേഷം വധത്തെക്കുറിച്ച് കമ്മിറ്റി വിലയിരുത്തൽ നടത്തണമെന്നും നിർദേശമുണ്ട്.
ഹോട്സ്പോട്ടുകൾ
എരുമേലി പഞ്ചായത്ത് അരുവിക്കൽ വാർഡ് 13, കാളകെട്ടി വാർഡ് 14, തളയന്തടം വാർഡ് 16, കൊപ്പം വാർഡ് 10, വാർഡ് 18, കോരുത്തോട് പഞ്ചായത്തിൽ വാർഡ് 7, കുഴിമാവ് വാർഡ് 11, മണിമല പഞ്ചായത്തിൽ മുക്കട വാർഡ് 6, വാർഡ് 7, പൊന്തൻപുഴ വാർഡ് 8, കരിമ്പനാകുളം വാർഡ് 9, ആൽപ്പാറ വാർഡ് 10, വെച്ചുക്കുന്ന് വാർഡ് 11, മേലെക്കവല വാർഡ് 12, പാമ്പാടി പഞ്ചായത്തിൽ വാർഡ് അഞ്ച്, കോരുത്തോട് പഞ്ചായത്തിൽ പനക്കച്ചിറ വാർഡ് 1, കൊമ്പുകുത്തി വാർഡ് 3, പട്ടാളംകുന്ന് വാർഡ് 4, കണ്ടക്കയം വാർഡ് 5, കോരുത്തോട് വാർഡ് 6, വാർഡ് 10, എരുമേലി നോർത്ത് 504, പാറമട, മാങ്ങപ്പെട്ട, മടുക്ക, കോസഡി, കൂട്ടിക്കൽ പഞ്ചായത്തിൽ ഇളംകാട്, ഏന്തയാർ, പുതുക്കാട്, ഇല്ലിരുന്നാൾകുട്ടി, കുറ്റിപ്ലാങ്ങാട്, മേലോരം, ഉറുമ്പിക്കര, വെംബ്ലി, പൂഞ്ഞാർ പഞ്ചായത്തിൽ വേങ്ങന്താനം, തിടനാട് പഞ്ചായത്തിൽ വാരിയാനിക്കാട്, മണിയാങ്കുളം, മുണ്ടക്കയം പഞ്ചായത്തിൽ പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, പാറത്തോട് പഞ്ചായത്തിൽ ചോറ്റി, ചിറ്റടി, പാലപ്ര, തീക്കോയി പഞ്ചായത്തിൽ ഒറ്റയീട്ടി, വെള്ളികുളം, മലമേൽ, തലനാട് പഞ്ചായത്തിൽ വെള്ളയാനി, മേലടുക്ക, ചൊനമല, പുഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അതിർത്തി മേഖലകളിൽ കുഴിമ്പള്ളി വലിയവീടൻമല, കൈപ്പള്ളി, പത്തംപുഴ എന്നിവിടങ്ങളാണ് ഹോട്സ്പോട്ടുകൾ.
കാട്ടുപന്നി എണ്ണം കർഷകനെടുക്കണം !
കാട്ടുപന്നി ശല്യമുണ്ടായി കൃഷിനാശം സംഭവിക്കുമ്പോൾ റെയ്ഞ്ചർ അല്ലെങ്കിൽ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകണം.കൃഷിയിടത്തിന്റെ സ്ഥാനം, വിളനാശം, കാട്ടുപന്നി എണ്ണം എന്നിവ കർഷകൻ അറിയിക്കണം. അപേക്ഷയിൽ മൂന്ന് ദിവസത്തിനകം തീരുമാനം കർഷകനെ അറിയിക്കണം. കാട്ടുപന്നിയെ വെടിവച്ച് കൊന്നാൽ ഫോറസ്റ്റർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ രണ്ട് പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ മഹസർ തയാറാക്കണം.
ഇറച്ചി വിലക്ക് നീക്കാൻ നിവേദനം
വെടിവച്ചു കൊല്ലുന്ന പന്നിയുടെ മാംസം വാണിജ്യാവശ്യത്തിനു വിട്ടുനൽകണമെന്ന അപേക്ഷ വനംവകുപ്പിനു മുന്നിലുണ്ട്. വിദേശരാജ്യങ്ങളിൽ ഇറച്ചി ഉപയോഗിക്കുന്നതിനു നിയന്ത്രണമില്ല. ഈ മാതൃകയിൽ ജില്ലയിലെ ഒരു പഞ്ചായത്തു മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങലും പദ്ധതിയിലൂടെ കാട്ടുപന്നി ഇറച്ചി ഉപയോഗിക്കരുതെന്ന വിലക്ക് നീക്കാൻ അപേക്ഷ നൽകി. അപേക്ഷകളെല്ലാം വനംവകുപ്പ് തള്ളി. വെടിവച്ചു കൊല്ലുന്ന പന്നിയുടെ മാംസം ഭക്ഷണാവശ്യത്തിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കരുതെന്ന ഉത്തരവ് വനംവകുപ്പ് പുറപ്പെടുവിച്ചിരുന്നു.
നിബന്ധന
∙ മൂലയൂട്ടുന്ന പന്നികളെ വെടിവച്ചു കൊല്ലാൻ പാടില്ല.
∙ കാട്ടുപന്നിയെ വെടിവയ്ക്കാൻ ഒരുങ്ങുമ്പോൾ വനത്തിലേക്ക് രക്ഷപ്പെട്ടാൽ വനത്തിൽ പ്രവേശിച്ച് വെടിവയ്ക്കാൻ പാടില്ല.
∙ പന്നിയുടെ ജഡം മണ്ണെണ്ണ ഒഴിച്ച് മൂന്നടി താഴ്ചയുള്ള കുഴിയിൽ അടക്കണം.