ഇറുമ്പയം – പൊതി റോഡിൽ ടിപ്പർ ലോറികൾ ഭീഷണി
Mail This Article
തലയോലപ്പറമ്പ് ∙ഇറുമ്പയം – പൊതി റോഡിൽ അമിത ഭാരം കയറ്റി പോകുന്ന ടിപ്പർ ലോറികൾ യാത്രക്കാർക്കു ഭീഷണിയാകുന്നു. ലോറിയിൽ കൊള്ളാവുന്നതിലും അധികം മണ്ണ് കയറ്റിപ്പോകുന്ന ലോറിയിൽ നിന്ന് വഴിനീളെ പൂഴിമണ്ണ് റോഡിൽ വീഴുന്നത് കാൽനടയാത്രക്കാർക്കും, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്കുമാണ് ഏറെ ഭീഷണിയായിരിക്കുന്നത്. വാഹനങ്ങൾ പോകുമ്പോൾ റോഡിൽ വീഴുന്ന മണ്ണ് പൊടിയായി പറക്കുന്നതു കാരണം റോഡിന്റെ ഇരുവശങ്ങളിലുള്ള വീടുകളിൽ ഇരിക്കാൻ പറ്റാത്ത സാഹചര്യമാണ്. പൊടി ശല്യം കാരണം വീടിന്റെ കതകുപോലും തുറക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
വെള്ളൂർ കെആർഎല്ലിലേക്ക് എന്ന വ്യാജേന മറ്റ് സ്ഥലങ്ങളിലേക്കാണ് മണ്ണ് കൊണ്ടുപോകുന്നതെന്നും ഇതിന് പൊലീസും റവന്യു ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായും നാട്ടുകാർ ആരോപിച്ചു. ഇറുമ്പയം പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപത്തു നിന്നാണ് കുന്നിടിച്ച് മണ്ണു കടത്തുന്നത്. അമിത ഭാരം കയറ്റി പോകുന്നത് മൂലം റോഡ് തകരുന്ന അവസ്ഥയാണെന്നും ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.