കർശന പരിശോധന വരുന്നു; തൊഴിലുഴപ്പേണ്ട....
Mail This Article
കുറവിലങ്ങാട് ∙മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റുമാരും തൊഴിലാളികളും ചേർന്നു പദ്ധതിയിൽ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേരിൽ ആൾക്കാരെ നിർത്തി ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യുന്നതായി കണ്ടെത്തൽ. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ചു പരാതികൾ വർധിച്ചതോടെ മിഷൻ ഡയറക്ടർ കർശന നിർദേശങ്ങൾ പുറത്തിറക്കി. ഇതിന്റെ പകർപ്പ് പഞ്ചായത്തുകളിൽ ലഭിച്ചു.
∙എൻഎംഎംഎസ് വഴി ഹാജർ രേഖപ്പെടുത്തേണ്ട മേറ്റുമാർ കൃത്രിമം നടത്തിയതായി ശ്രദ്ധയിൽ പെട്ടാൽ സ്ഥിരമായി ജോലിയിൽ നിന്നു മാറ്റി നിർത്തണം.
∙തൊഴിലുറപ്പ് പദ്ധതിയിൽ കൃത്രിമം തടയുന്നതിനു ബ്ലോക്ക്തല പരിശോധന കർശനമാക്കണം.
∙ഓരോ ആഴ്ചയിലും മസ്റ്റർ റോൾ ക്ലോസ് ചെയ്താൽ ഓവർസീയർ അല്ലെങ്കിൽ എൻജിനീയർ സ്ഥലം സന്ദർശിച്ചു തൊഴിലാളികൾ ചെയ്ത ജോലി അളക്കുകയും മേറ്റ് നൽകുന്ന അളവ് പരിശോധിക്കുകയും വേണം. ഓവർസീയർ അല്ലെങ്കിൽ എൻജിനീയർ എടുക്കുന്ന അളവിന്റെ അടിസ്ഥാനത്തിലാണ് എം ബുക്കിൽ രേഖപ്പെടുത്തൽ നടത്തേണ്ടത്.
ഉഴവൂർ ബ്ലോക്കിൽ പോയ വർഷം 235390 തൊഴിൽ ദിനങ്ങൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ വർഷം ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ 8 പഞ്ചായത്തുകളിലായി സൃഷ്ടിക്കപ്പെട്ടത് 235390 തൊഴിൽദിനങ്ങൾ. പദ്ധതിയുടെ ഭാഗമായി 13.9 കോടി രൂപ ചെലവഴിച്ചു. ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതും കൂടുതൽ ഫണ്ട് ചെലവഴിച്ചതും മാഞ്ഞൂർ പഞ്ചായത്താണ് . 100 തൊഴിൽദിനങ്ങൾ ഏറ്റവും കൂടുതൽ പേർ പൂർത്തിയാക്കിയത് (176) രാമപുരം പഞ്ചായത്തിലാണ്.
തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ പഞ്ചായത്തുകളിലായി 42 കാലിത്തൊഴുത്തുകളും 24 ആട്ടിൻകൂടുകളും 27 കോഴിക്കൂടുകളും നിർമിച്ചു, 35 കിണറുകളാണ് കഴിഞ്ഞ വർഷം പുതുതായി നിർമിച്ചത്, 21 കിണറുകൾ റീ ചാർജ് ചെയ്തു, കംപോസ്റ്റ് പിറ്റുകളുടെ എണ്ണം 58. സോക്പിറ്റ് 145 എണ്ണവും അസോള ടാങ്കുകൾ 15 എണ്ണവും നിർമിച്ചു.
ഓരോ പഞ്ചായത്തിലും സൃഷ്ടിക്കപ്പെട്ട തൊഴിൽദിനങ്ങൾ,ചെലവാക്കിയ തുക
∙കടപ്ലാമറ്റം പഞ്ചായത്ത്–28940, 2.11 കോടി രൂപ, കാണക്കാരി പഞ്ചായത്ത്–30129,1.31 കോടി രൂപ, കുറവിലങ്ങാട് പഞ്ചായത്ത്–29984, 1.95 കോടി രൂപ,മാഞ്ഞൂർ–48686, 2.25 കോടി രൂപ, മരങ്ങാട്ടുപിള്ളി–24008, 1.11കോടി രൂപ, രാമപുരം– 32065, 1.63 കോടി രൂപ, ഉഴവൂർ–23029,1.60 കോടി രൂപ, വെളിയന്നൂർ–17881, 94 ലക്ഷം രൂപ.
കടപ്ലാമറ്റം പഞ്ചായത്തിൽ 168 പേരും കാണക്കാരിയിൽ 110 പേരും കുറവിലങ്ങാട് പഞ്ചായത്തിൽ 78 പേരും 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കി. മാഞ്ഞൂർ–153, മരങ്ങാട്ടുപിള്ളി–45,രാമപുരം–176,ഉഴവൂർ–99, വെളിയന്നൂർ–40 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ അവസ്ഥ.