വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; ഭക്തിയും സാഹോദര്യവും അലയടിച്ച് പേട്ടതുള്ളൽ

Mail This Article
എരുമേലി ∙ മാനവ സാഹോദര്യത്തിന്റെ മഹാസാഗരമായി എരുമേലി പേട്ടകെട്ട്. മഹിഷി നിഗ്രഹത്തിനു ശേഷം ആനന്ദ നൃത്തമാടുന്ന അയ്യപ്പസ്വാമിയെ കണ്ടുവണങ്ങാൻ മാലോകർ എരുമേലിയിലേക്കെത്തിയ കാഴ്ചയായിരുന്നു ഇന്നലെ. എരിയുന്ന വെയിലും വകവയ്ക്കാതെ നിരത്തുകൾ നിറഞ്ഞും കെട്ടിടങ്ങളുടെ മുകളിൽ കയറിയും പേട്ട കാണാൻ കഴിയുന്നിടത്തൊക്കെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനം തിങ്ങിനിറഞ്ഞു. തീർഥാടകർക്കൊപ്പം പേട്ടകെട്ടു കാണാനെത്തിയ ഭക്തരുടെ തിരക്കുംകൂടിയായപ്പോൾ എരുമേലി ജനസാഗരമായി. കൊച്ചമ്പലത്തിന്റെ കവാടത്തിനു മുകളിലും നൈനാർ മസ്ജിദിന്റെ വളപ്പിലും ഭക്തർ ഇടംപിടിച്ചു.
കൊച്ചമ്പലത്തിന്റെ മുന്നിൽ നിന്നാണു പേട്ടതുള്ളൽ ആരംഭിച്ചത്. കോട്ടപ്പടിയിൽ നാളികേരം ഉരുട്ടി, കൊച്ചമ്പലത്തിൽ ദർശനം കഴിഞ്ഞു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എതിരെയുള്ള നൈനാർ പള്ളിയിലേക്കു നീങ്ങുമ്പോൾ പേട്ടകെട്ടു സംഘത്തിനൊപ്പം കാഴ്ചക്കാരും ആനന്ദ ലഹരിയിൽ ‘സ്വാമി തിന്തകത്തോം, അയ്യപ്പൻ തിന്തകത്തോം’ എന്നാർത്തുവിളിച്ചത് നഗരത്തെ ഭക്തിസാന്ദ്രമാക്കി. വാവരുസ്വാമിയെ സന്ദർശിച്ച് പ്രസാദവും വാങ്ങി വലിയമ്പലത്തിലേക്ക് തുള്ളിനീങ്ങിയ പേട്ടസംഘത്തിനൊപ്പം ഭക്തരും മുഖത്തു ചായംപൂശി പേട്ടതുള്ളി.
വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്
ആകാശത്ത് വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്തിനെ കണ്ട ശേഷമാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിച്ചത്. കൃഷ്ണപ്പരുന്ത് പേട്ടസംഘത്തിനു മുകളിലൂടെ വട്ടമിട്ടു പറന്നതോടെ ഭക്തിയുടെ പാരമ്യത്തിൽ ഭക്തർ ശരണംവിളിച്ചു.ഉച്ചവെയിലിനൊപ്പം ആകാശത്തു വെള്ളിനക്ഷത്രം തെളിഞ്ഞതോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ തുടങ്ങിയത്. പേട്ടസദ്യയ്ക്ക് ശേഷമാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളലിന് എത്തിയത്. ശരീരമാസകലം കളഭം പൂശി, നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ് കായ, ചേന, കാച്ചിൽ, പച്ചക്കറി എന്നീ കാർഷിക വിളകൾ കച്ചയിൽ കെട്ടി കമ്പിൽ കോർത്ത് തേളിലേറ്റിയായിരുന്നു ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുളളൽ. ചെണ്ട, ഉടുക്ക്, നാഗസ്വരം, കാവടി എന്നിവ അകമ്പടിയായി.

താളമിട്ട് നേതാക്കളും
പേട്ടതുള്ളലിനു മുന്നോടിയായി നടന്ന ചെണ്ടമേളത്തിൽ, ചെണ്ടയിൽ താളമിട്ട് നേതാക്കൾ. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി എന്നിവരാണ് മേളസംഘത്തിന്റെ ചെണ്ടയിൽ താളമിട്ടത്.
മാറ്റുകൂട്ടി കലാരൂപങ്ങൾ
ആലങ്ങാട്ട് പേട്ടതുള്ളലിനു ദൃശ്യവിരുന്നൊരുക്കി മാള വിശ്വകലയുടെ കലാരൂപങ്ങളും. മണികണ്ഠൻ, ഗണപതി, പുലിപ്പുറത്തേറിയ അയ്യപ്പൻ, സരസ്വതി ദേവീ തുടങ്ങിയ വേഷങ്ങളും കാവടിയും ദൃശ്യവിസ്മയങ്ങളായപ്പോൾ ചിന്തുപാട്ട് തുള്ളലിനെ സംഗീതസാന്ദ്രമാക്കി.

ജമാഅത്ത് വക ആന
അമ്പലപ്പുഴ സംഘത്തിന്റെ പേട്ടകെട്ടിന് ആനച്ചന്തമൊരുക്കാൻ അണിനിരന്ന വഴിവാടി ശ്രീകണ്ഠൻ മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ വകയായിരുന്നു. ഗജവീരൻമാരായ തൃക്കടവൂർ ശിവരാജു, വേമ്പനാട് വാസുദേവൻ, വഴിവാടി ശ്രീകണ്ഠൻ എന്നീ കരിവീരൻമാരാണ് അണിനിരന്നത്. ഇതിൽ തൃക്കടവൂർ ശിവാരാജു ദേവസ്വം വകയും വേമ്പനാട് വാസുദേവൻ അയ്യപ്പ സേവാസംഘം വകയുമായിരുന്നു. അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിനൊപ്പം തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജുവിന്റെ ഇടവും വലവുമായി വാസുദേവനും ശ്രീകണ്ഠനും അഴകുവിടർത്തി അണിനിരന്നു. ആലങ്ങാട്ടു യോഗത്തിന്റെ പേട്ടകെട്ടിനു തൃക്കടവൂർ ശിവരാജു തിടമ്പേറ്റി.

പേട്ടതുള്ളാൻ തങ്കമ്മാളും
നവതിയുടെ നിറവിലും തങ്കമ്മാൾ അയ്യനു മുന്നിൽ താളമിട്ട് പേട്ടതുള്ളി. അമ്പലപ്പുഴ സംഘത്തിനൊപ്പമാണ് തങ്കമ്മാൾ (90) എത്തിയത്. സംഘത്തിലെ ഏറ്റവും മുതിർന്ന മാളികപ്പുറമാണ് തങ്കമ്മാൾ. പ്രായത്തിന്റെ അവശതകൾ തങ്കമ്മാളിനെ ബാധിച്ചിട്ടില്ല. കഴിവതും എല്ലാ വർഷവും അമ്പലപ്പുഴ സംഘത്തിനൊപ്പം എരുമേലിയിൽ എത്തി പേട്ടതുള്ളി ശബരിമല ദർശനം നടത്തണമെന്നാണ് തങ്കമ്മാളിന്റെ ആഗ്രഹം.
സുരക്ഷിതമാക്കി പൊലീസ്
പേട്ടകെട്ടിനു കനത്ത സുരക്ഷയൊരുക്കി പൊലീസ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എം.അനിൽകുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാജു വർഗീസ്, നർകോട്ടിക് സെൽ ഡിവൈഎസ്‌പി എ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ 6 എസ്എച്ച്ഒമാരും 7 എസ്ഐമാരും ഉൾപ്പെടെ 110 പൊലീസുകാരെയാണ് എരുമേലി ടൗണിൽ മാത്രം ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്.കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള 9 പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഷാഡോ പൊലീസും സ്പെഷൽ പൊലീസും പേട്ട തുള്ളൽ സുഗമമാക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്നു.