കാണാതായ ഗൃഹനാഥനായി അന്വേഷണം ഊർജിതം; ഡ്രോൺ എത്തിച്ചു പരിശോധന
Mail This Article
കോട്ടയം ∙ കാണാതായ ഗൃഹനാഥനെ കണ്ടെത്താൻ ഡ്രോൺ പരിശോധന മുതൽ കിണർ വറ്റിക്കൽ വരെ. പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ മാത്യുവിനെ (84) കണ്ടെത്താനാണ് ബന്ധുക്കളുടെ സഹായത്തോടെ ഡ്രോൺ പരിശോധന നടത്തിയത്. മൂന്നാഴ്ച മുൻപാണു മാത്യുവിനെ കാണാതായത്. കണ്ടെത്താൻ സാധ്യതയുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണു പരിശോധന നടന്നത്.
റബർ തോട്ടങ്ങളിലെ രണ്ട് കിണറുകൾ വറ്റിച്ചു. കൂടാതെ ഡോഗ് സ്ക്വാഡിനെ രണ്ട് തവണ സ്ഥലത്തു എത്തിച്ചു പരിശോധന നടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്താകെ തിരച്ചിൽ നടന്നു. ഏതാനും മാസം മുൻപ് മാത്യു റബർ തോട്ടത്തിൽ മണിക്കൂറുകളോളം വീണ് കിടന്നിരുന്നു. ബോധം നഷ്ടപ്പെട്ട് കിടന്നപ്പോൾ മഴ പെയ്തു. തുടർന്ന് ഗൃഹനാഥൻ ബോധം വീണ് മടങ്ങിയെത്തിയെന്നും പൊലീസ് പറഞ്ഞു.
എന്തെങ്കിലും സാഹചര്യത്തിൽ വിജനമായ റബർ തോട്ടത്തിൽ കുടുങ്ങിയോയെന്ന് പരിശോധിക്കാനാണ് പൊലീസ് ബന്ധുക്കളുടെ സഹായത്തോടെ സ്വകാര്യ വ്യക്തിയുടെ ഡ്രോൺ എത്തിച്ചു പരിശോധന നടത്തിയത്. രാവിലെ പതിവുപോലെ നടക്കാൻ ഇറങ്ങിയ മാത്യു മടങ്ങി വന്നില്ല. കാണാതാകുന്ന സമയത്ത് പണമോ ഫോണോ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പാലാ പൊലീസ് അറിയിച്ചു.