മാലിന്യക്കൂമ്പാരം പരിസരവാസികൾക്ക് ഭീഷണി എംജി റോഡിന്റെ വശങ്ങളിൽ അജൈവ മാലിന്യം തള്ളുന്നു

Mail This Article
കോട്ടയം ∙ എംജി റോഡിന്റെ വശങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാതെ നഗരസഭ. വീടുകളിൽനിന്നു ഹരിത കർമസേനയ്ക്ക് നൽകാതെ ഇവിടെ മാലിന്യം തള്ളുന്നുണ്ടെന്നും പരാതിയുണ്ട്. എംജി റോഡിൽ ചന്തക്കടവിനു സമീപം വലിയ അളവിലാണു മാലിന്യം കിടക്കുന്നത്. ഇവിടെയുള്ള പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു കോടിമതയിലെ ശേഖരണ കേന്ദ്രത്തിൽ എത്തിക്കണമെന്ന ആവശ്യം ശക്തമാണ്. മാലിന്യം മണ്ണിട്ടു മൂടരുതെന്നും അജൈവ മാലിന്യം നിയമാനുസൃതം സംസ്കരിക്കണമെന്നും സമീപവാസികൾ പറഞ്ഞു.
സമീപത്തെ പാടത്തേക്കു തെർമോകോളിന്റെ പെട്ടികളും വലിച്ചെറിയാൻ തുടങ്ങിയിട്ടുണ്ട്. ഇതും കടുത്ത പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്നു. തെർമോകോൾ പൊടിഞ്ഞു വളരെ പെട്ടെന്ന് ചെറിയ കഷണങ്ങളായി മാറുന്നതിനാൽ ഇവ മീനച്ചിലാറ്റിൽ എത്തിയാൽ ഗുരുതര അവസ്ഥയുണ്ടാകുമെന്ന് വിദഗ്ധർ പറഞ്ഞു. നഗരസഭ അടിയന്തരമായി ഇടപെടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.