വട്ടംകുഴിയിൽ സുരക്ഷാ സംവിധാനമില്ല; എംസി റോഡിലെ ഏറ്റവും അപകടസാധ്യത കൂടിയ മേഖല

Mail This Article
കുറവിലങ്ങാട് ∙ ആഴ്ചയിൽ രണ്ടും മൂന്നും വാഹന അപകടങ്ങൾ ഉണ്ടാകുന്ന കോഴാ – വട്ടംകുഴി മേഖലയിൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയരുന്നു. കഴിഞ്ഞ ദിവസം മിനി ലോറി തലകീഴായി മറിഞ്ഞ സ്ഥലത്തു സ്ഥിരം വാഹന അപകടങ്ങൾ പതിവാണ്.
ഇവിടം സ്ഥിരം അപകടമേഖല
∙ എംസി റോഡിലെ ഏറ്റവും അപകടസാധ്യത കൂടിയ മേഖലയാണ് വട്ടംകുഴി. കോഴായ്ക്കും കുര്യനാടിനും ഇടയിൽ ഏറ്റവും അപകട സാധ്യതയുള്ള വളവ്.ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടത്. മഴക്കാലത്ത് അപകടത്തിന്റെ എണ്ണം ഇരട്ടിയാകും. നവീകരണത്തിന്റെ ഭാഗമായി വളവ് നിവർത്തിയപ്പോൾ റോഡിന് ആവശ്യമായ ചെരിവില്ലാത്ത അവസ്ഥ വന്നു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. വട്ടംകുഴി വളവിനു സമീപത്താണ് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലം. ഈ ഭാഗത്തു തോടിനു സംരക്ഷണ ഭിത്തി ഇല്ല. ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടില്ല. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടാൽ തോട്ടിൽ വീഴുന്ന അവസ്ഥ. ഈ ഭാഗത്തു തോടിന്റെ വശത്തു കൽക്കെട്ട് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ പൊളിച്ചു മാറ്റിയ അവസ്ഥയിലാണ്.
അപകട സാധ്യത കുറയ്ക്കുന്നതിനു നടപടി ആവശ്യപ്പെട്ടു പൊതു മരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കും നിവേദനം ലഭിച്ചിരുന്നു. പക്ഷേ ഒന്നോ രണ്ടോ തവണ പരിശോധകൾക്കായി എത്തിയതല്ലാതെ തുടർ നടപടി ഉണ്ടായില്ല. കെഎസ്‌ടിപിയുടെ നേതൃത്വത്തിൽ എംസി റോഡ് വികസനം നടപ്പാക്കിയപ്പോൾ ഈ ഭാഗത്തു ബസ് ബേയും കാത്തിരിപ്പു കേന്ദ്രവും നിർമിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. തോടിനു മുകളിൽ സ്ലാബ് സ്ഥാപിച്ചു വികസനം നടപ്പാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ നടപ്പായില്ല. ഇപ്പോൾ സംരക്ഷണ ഭിത്തി ഇല്ലാതെ തോടിന്റെ ഒരു വശം തുറന്നു കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പ് ബോർഡ് പോലും ഇല്ല. അധികൃതർ പരിശോധന നടത്തി സുരക്ഷ നടപടികൾ വേഗത്തിലാക്കണമെന്നാണ് നാടിന്റെ ആവശ്യം.