ഇറ്റ്ഫോക്കിന്റെ അരങ്ങിനെ തൊടാൻ ‘ആറാമത്തെ വിരൽ’

Mail This Article
കോട്ടയം ∙ രാജ്യാന്തര നാടകോത്സവത്തിലേക്ക് എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ 'ആറാമത്തെ വിരൽ'. സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ അടുത്ത മാസം തൃശൂരിൽ നടക്കുന്ന രാജ്യാന്തര നാടകോത്സവത്തിൽ (ഇറ്റ്ഫോക്) 'ആറാമത്തെ വിരൽ' അവതരിപ്പിക്കും. നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാർഥ് ശിവ അടുത്തിടെയാണ് എംജിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽനിന്ന് പിഎച്ച്ഡി എടുത്തത്. ലെറ്റേഴ്സിലെ ഗവേഷണ വിദ്യാർഥിയായ രാകേഷ് പാലിശേരിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അരങ്ങിലെത്തിക്കുന്നത്.
ഇവർക്കു പുറമെ വകുപ്പിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളുമായ 7 പേരും അഭിനയിക്കുന്നു. പ്രിൻസ് അയ്മനത്തിന്റെ ‘ചാരുമാനം’ എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് അവതരണത്തിൽ ഏറെ പ്രത്യേകതകളുള്ള ഈ നാടകം. ഒരു മണിക്കൂറാണ് ദൈർഘ്യം. നാട്ടുജീവിതത്തിന്റെ നനവും പശിമയുമുള്ള അനുഭവാഖ്യാനമാണ് ഇത്.രചനയും സംവിധാനവും നിർവഹിച്ചത് സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനായ ഡോ. അജു കെ. നാരായണനാണ്. സംഗീത നാടക അക്കാദമിയുടെ പരിഗണനയ്ക്കു വന്ന 351 നാടകങ്ങളിൽനിന്ന് ‘ആറാമത്തെ വിരൽ’ ഉൾപ്പെടെ 15 നാടകങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 3 മലയാള നാടകങ്ങളാണ് മേളയിൽ ഇടം നേടിയത്.
സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ആദ്യ ഡയറക്ടറും നാടകാചാര്യനുമായ ജി.ശങ്കരപ്പിള്ളയുടെ ചരമദിനമായ ജനുവരി ഒന്നിന് എല്ലാ വർഷവും എംജി ക്യാംപസിൽ അനുസ്മരണവും നാടകാവതരണവും നടക്കാറുണ്ട്. 2024 ജനുവരി ഒന്നിനാണ് ‘ആറാമത്തെ വിരൽ’ ആദ്യമായി അരങ്ങിലെത്തിയത്. പിന്നീട് പലയിടങ്ങളിലും അവതരിപ്പിച്ചിരുന്നു. ഭാഷാ ഗവേഷകനും അധ്യാപകനുമായിരുന്ന സ്കറിയ സക്കറിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘കിഴക്കൻഷെൽഫിലെ പുസ്തകങ്ങൾ’ എന്ന നാടകമാണ് ഈ പുതുവർഷത്തിൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് അരങ്ങിലെത്തിച്ചത്.
എംജി നാടകോത്സവം ഫെബ്രുവരിയിൽ എറണാകുളത്ത്
കോട്ടയം ∙ എംജി സർവകലാശാലാ യൂണിയൻ ഫെബ്രുവരി 11, 12 തീയതികളിൽ എറണാകുളം രാജേന്ദ്ര മൈതാനത്തു സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കുന്നതിനു കോളജ് ടീമുകൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽനിന്ന് ഓരോ ടീമിനു വീതമാണ് അവസരം. കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ടീമംഗങ്ങളുടെ പേരുവിവരവും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും നാടകത്തിന്റെ കഥാസംഗ്രഹത്തിന്റെ നാലു പകർപ്പുകളും സഹിതം 31നു 3 വരെ സർവകലാശാലയിലെ യൂണിയൻ ഓഫിസിൽ നേരിട്ടെത്തി റജിസ്ട്രേഷൻ നടത്താം.