വെള്ളൂരിൽ മൂർഖൻ ഭീതി, റോഡിനോട് ചേർന്ന് പത്തി ഉയർത്തി പാമ്പ്; ഇന്നലെ കണ്ടത് 5 മൂർഖൻ പാമ്പുകളെ

Mail This Article
വെള്ളൂർ ∙ ഇഴജന്തുക്കളുടെ ഭീഷണി സഹിക്കവയ്യാതെ വെള്ളൂരും സമീപ പരിസര പ്രദേശവും. കൊടിയ വിഷമുള്ള മൂർഖൻ ഇനത്തിൽപെട്ട പാമ്പുകളാണ് നാടിന് ഭീഷണിയാകുന്നത്. ചെറുകുന്ന്, വാഴയിൽപ്പടി, തൊണ്ണനാംകുന്ന്, മൈലാടിപ്പടി ഭാഗങ്ങളിലാണ് പാമ്പ് ശല്യം. വാഴയിൽപ്പടി ചെറുകുന്ന് ഭാഗത്തെ റോഡിനോട് ചേർന്നു ഇന്നലെ 5 മൂർഖൻ പാമ്പുകളെയാണ് നാട്ടുകാർ കണ്ടത്. റോഡിനോട് ചേർന്ന് പാമ്പ് പത്തി ഉയർത്തി നിൽക്കുന്ന നിലയിലായിരുന്നു ഇത്. ഇതോടെ കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിൽ വിടാൻ പോലും രക്ഷകർത്താക്കൾ വിഷമിക്കുന്നു.
സന്ധ്യമയങ്ങിയാൽ വീടിന് പുറത്തേക്കു ഇറങ്ങാൻ പോലും പ്രദേശവാസികൾക്കു ഭയമാണ്. കാട് പിടിച്ച് കിടക്കുന്ന സമീപ പുരയിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വാസം. കാട് തെളിക്കാത്തതിനാൽ പാമ്പുകൾ ഇവിടെ പെരുകുകയാണെന്നും നാട്ടുകാർ പറയുന്നു. പല തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. അതിനാൽ കാട് തെളിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.