മലിനമായി എരുമേലിയിലെ ജലാശയങ്ങൾ

Mail This Article
എരുമേലി ∙ തീർഥാടന കാലം കഴിഞ്ഞതോടെ എരുമേലിയിലെ ജലാശയങ്ങൾ മിക്കതും മലിനമായി. തീർഥാടകർ കുളിക്കുന്ന വലിയതോട്, നഗരത്തിലൂടെ ഒഴുകുന്ന ചെറിയ തോട്, ഇടത്തോടുകൾ തുടങ്ങിയവ മാലിന്യങ്ങൾ നിറഞ്ഞ് മലിനമായ നിലയിലാണ്. ജലം കുറഞ്ഞതോടെ രൂക്ഷമായ ദുർഗന്ധവുമുണ്ട്. തീർഥാടന കാലത്ത് ടൺ കണക്കിനു മാലിന്യങ്ങളാണ് ചാക്കിലും കവറുകളിലുമാക്കി തോട്ടിലേക്ക് വലിച്ചെറിഞ്ഞത്. ലക്ഷക്കണക്കിനു തീർഥാടകർ കുളിച്ച എരുമേലി വലിയതോട് ആണ് ഏറ്റവും അധികം മലിനമായത്.

കരിങ്കല്ലുമ്മൂഴി മുതൽ കൊരട്ടി വരെ തോട്ടിൽ മാലിന്യം നിറഞ്ഞ നിലയിലാണ്. തോടിന്റെ കരകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം അടക്കം കവറുകളിലും ചാക്കുകളിലുമാക്കി തള്ളിയിരിക്കുകയാണ്. തീർഥാടക തിരക്ക് ഒഴിഞ്ഞതോടെ ക്ഷേത്രത്തിനു മുന്നിലെ തോടിന്റെ ഷട്ടർ തുറന്നു വെള്ളം ഒഴുക്കിവിട്ടെങ്കിലും തോട്ടിൽ മാലിന്യം നിറഞ്ഞുകിടക്കുന്നതിനാൽ രൂക്ഷമായ ദുർഗന്ധമുണ്ട്.

കച്ചവട സ്ഥാപനങ്ങളുടെ പിന്നിലൂടെ ഒഴുകി വലിയതോട്ടിൽ എത്തുന്ന ചെറിയ തോടിന്റെ സ്ഥിതി ഇതിലും പരിതാപകരമാണ്. പച്ചക്കറി മാലിന്യം മുതൽ മത്സ്യ മാംസ അവശിഷ്ടങ്ങൾ വരെ തോട്ടിലേക്ക് തള്ളിയിരിക്കുകയാണ്. പഞ്ചായത്ത് ഓഫിസിനു പിന്നിലെ കൈത്തോട്ടിൽ മാലിന്യം നിറഞ്ഞ നിലയിലാണ്. നഗരത്തിലെ ഓടകളും നിറഞ്ഞ് മഴവെള്ളം ഒഴുകുന്നതിനു തടസ്സപ്പെട്ട നിലയിലാണ്.