കാർഷികമേഖല പ്രതിസന്ധിയിൽ; പുഞ്ചക്കൃഷിക്ക് ഉപ്പുവെള്ള ഭീഷണി
Mail This Article
കുമരകം ∙പുഞ്ചക്കൃഷിക്ക് ഉപ്പുവെള്ള ഭീഷണിയെന്നു കർഷകർ. തണ്ണീർമുക്കം ബണ്ടിനു അടുത്ത പ്രദേശങ്ങളായ വെച്ചൂർ, ആർപ്പൂക്കര, അയ്മനം, കുമരകം മേഖലയിലെ നെൽക്കൃഷിക്കാണ് ഉപ്പുവെള്ളത്തിന്റെ ഭീഷണിയുള്ളത്. ഉപ്പു വെള്ളം കയറുന്നതു തുടർന്നാൽ കുട്ടനാടൻ മേഖലയിലേക്കു വ്യാപിക്കും. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിട്ടുണ്ടെങ്കിലും വിടവിലൂടെ ഉപ്പു വെള്ളം ബണ്ടിന്റെ തെക്ക് കായൽ ഭാഗത്ത് എത്തുന്നതയാണ് കർഷകരുടെ പരാതി. ഷട്ടറുകളുടെ അടിയിൽ കല്ലുകൾ വയ്ക്കുമ്പോൾ കായലിന്റെ തെക്ക് ഭാഗത്തേക്ക് ഒഴുക്ക് ഉണ്ടാകുകയും മത്സ്യങ്ങൾ കൂട്ടത്തോടെ എത്തുന്നതു മൂലം ഇവയെ വലയിൽ പിടിക്കാൻ കഴിയും.
ഇതിനു വേണ്ടിയാണു ഷട്ടറുകളുടെ അടിയിൽ കല്ലുകൾ വയ്ക്കുന്നതെന്നാണ് കർഷകരുടെ ആക്ഷേപം.ആർപ്പൂക്കര പഞ്ചായത്തിലെ അകത്തേക്കരി, കേളക്കരി വട്ടക്കയാൽ, മഞ്ചാടിക്കരി പുത്തൻ കേളക്കരി, മഞ്ചാടിക്കരി പാടം, കണ്ടമുണ്ടാലിക്കരി, പുത്തൻകരി, ചൂരത്തറ, വാവക്കാട് തുടങ്ങിയ 1597 ഏക്കർ പാടശേഖരത്തും വെച്ചൂർ പഞ്ചായത്തിലെ 2260 ഏക്കറിലുമാണ് ഉപ്പ് വെള്ളത്തിന്റെ ഭീഷണിയേറെയുള്ളത്. അടുത്തുതന്നെ മറ്റ് പാടശേഖര മേഖലയിലേക്കും ഉപ്പുവെള്ളം വ്യാപിക്കുമെന്നും കർഷകർ പറഞ്ഞു.
ഉപ്പ് വെള്ളം കയറിയാൽ നെല്ല് നശിക്കും
15 ദിവസം മുതൽ 40 ദിവസം വരെ പ്രായമായ നെൽച്ചടികളാണ് ഈ മേഖലയിലുള്ളത്. ഈ സമയത്ത് ഉപ്പ് വെള്ളം പാടത്ത് കയറിയാൽ കൃഷി നശിക്കും. ചെറിയ അളവിൽ ഉപ്പിന്റെ അംഗം വെള്ളത്തിൽ ഉണ്ടെങ്കിൽ പോലും അത് നെല്ലിനെ ബാധിക്കും. അതിനാൽ തോടുകളിൽ നിന്നു പാടത്തേക്കു വെള്ളം കയറ്റാൻ കർഷകർ മടിക്കുന്നു. ഉപ്പിന്റെ വരവ് അറിയാതെ വെള്ളം കയറ്റിയ പാടശേഖരങ്ങളിൽ നെൽച്ചെടികൾക്ക് ഉണക്ക് കണ്ടു തുടങ്ങി.ഇതോടെ മറ്റു കർഷകരും ആശങ്കയിലായി.
വെള്ളം കയറ്റാതെ വന്നാൽ വിളവുകുറയും
നടീൽ മുതൽ കൊയ്ത്ത് വെള്ളം വറ്റിക്കുന്നത് വരെ പാടത്ത് വിവിധ ഘട്ടങ്ങളിലായി വെള്ളം കയറ്റണം. നെല്ലിനു ദൃഢത വയ്ക്കുന്നതിനു വെള്ളം കയറ്റേണ്ടതു അത്യാവശ്യമാണ്. ഉപ്പുവെള്ളം കയറുന്നത് തടയാൻ സർക്കാർ നടപടി എടുക്കാതെ വന്നാൽ കൃഷി നാശം ഉണ്ടാകുമെന്നു കർഷകർ പറഞ്ഞു.
മഴയില്ലെങ്കിൽ കൃഷിക്ക് ദോഷം
വെള്ളത്തിലെ ഉപ്പ് രസം മാറണമെങ്കിൽ ഇനി മഴ പെയ്യണം. മഴ പെയ്യാതെ വരുകയും ഉപ്പിന്റെ അളവ് കൂടുകയും ചെയ്താൽ കൃഷിനാശം സംഭവിക്കും.മഴ പെയ്താൽ നിലവിലുള്ള ഉപ്പിന്റെ അളവ് കുറയുകയും ഈ വെള്ളം നെൽച്ചെടികൾക്ക് ദോഷകരമാകില്ല.