ADVERTISEMENT

കോട്ടയം/ കഴക്കൂട്ടം ∙ തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീട്ടിൽക്കടന്ന് വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പ്രതി കൊല്ലം നീണ്ടകര ദളവാപുരം സ്വദേശി ജോൺസൺ ഔസേപ്പിനെ (34) കോട്ടയം കുറിച്ചിയിൽ ഹോംനഴ്സായി ജോലി നോക്കുന്ന വീട്ടിൽനിന്നാണു പിടികൂടിയത്. പിടിയിലാകുമ്പോൾ എലിവിഷം ഉൾപ്പെടെ കഴിച്ച് അവശനിലയിലായിരുന്ന പ്രതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിച്ചു വന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു – 30) ആണു കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു സൗഹൃദമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവ് ക്ഷേത്ര പൂജാരിയാണ്.

ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എ.നിസാം ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി. കൊല്ലത്തെ വീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ജോൺസൺ ദിവസങ്ങൾക്കു മുൻപ് കുറിച്ചിയിലെ വീട്ടിൽനിന്നു പോയത്. കൊലപാതകത്തിന് 5 ദിവസം മുൻപു പെരുമാതുറയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ പോയത്. 21നാണു കൊലപാതകം. വസ്ത്രങ്ങൾ എടുക്കാനെന്നു പറഞ്ഞ് 22ന് കുറിച്ചിയിലെ വീട്ടിൽ എത്തിയ പ്രതി അവിടെ തങ്ങി. തുടർന്നു ചിങ്ങവനം പൊലീസ് പിടികൂടുകയായിരുന്നു. ആതിരയുമായി ജോൺസന് ഒരു വർഷമായി അടുപ്പമുണ്ട്. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് അവരെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാൻ ജോൺസൺ നിർബന്ധിച്ചു. ആതിര എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും പൊലീസ് കണ്ടെത്തി. ആതിരയിൽനിന്ന് പലപ്പോഴായി 1.30 ലക്ഷം രൂപ വാങ്ങി. കൊല്ലപ്പെടുന്നതിനു 3 ദിവസം മുൻപ് 2,500 രൂപ ആതിര നൽകി. 5 മാസത്തിനിടെ പലതവണ ഇയാൾ കഠിനംകുളത്ത് എത്തിയിരുന്നു. ഒപ്പം വരാൻ തയാറാകാത്തതിനെ തുടർന്നാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ജോൺസണ് ചെല്ലാനത്ത് ഭാര്യയും കുട്ടികളും ഉണ്ടായിരുന്നെങ്കിലും അഞ്ചുവർഷം മുൻപ് ഇവർ വിവാഹമോചനം നേടി. നീണ്ടകരയിൽ വീടോ ബന്ധുക്കളോ ഇല്ലെന്നാണ് വിവരം.

കണ്ടുപിടിച്ചത് അയൽവാസികൾ; പൊലീസ് എത്തുംമുൻപ് മുങ്ങാൻ പ്രതിയുടെ ശ്രമം

കോട്ടയം ∙ കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൺ ഹോംനഴ്സായി ജോലി നോക്കുന്ന കുറിച്ചി കാലായിപ്പടി ജംക്‌ഷൻ പഞ്ചായത്ത് കുളത്തിനു സമീപത്തെ വീട്ടിൽ.പ്ലമിങ് ജോലി നോക്കിവന്നിരുന്ന രാധാകൃഷ്ണന്റെ വീട്ടിലാണു ഹോംനഴ്സായി ഇയാൾ ജോലി ചെയ്തിരുന്നത്. കിടപ്പിലായ രാധാകൃഷ്ണന്റെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. രാധാകൃഷ്ണന്റെ ഭാര്യയും മകനും നേരത്തേ മരിച്ചു. മകളുടെ വിവാഹം കഴിഞ്ഞതോടെയാണു ഹോംനഴ്സിന്റെ സേവനം വേണ്ടിവന്നത്. ജോൺസൺ ഇവിടെ ജോലി ചെയ്തുതുടങ്ങിയിട്ട് ഒരു മാസമായി.ഇടയ്ക്കു വീട്ടിലേക്കെന്നു പറഞ്ഞു പോവുന്നതും രണ്ടുദിവസം കഴിഞ്ഞു മടങ്ങിവരുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം വന്നശേഷം ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചു. പിന്നീടു രാധാകൃഷ്ണന്റെ അടുത്തുവന്നിരുന്ന ശേഷം, ഒരു കീടനാശിനിയുടെ പേരുപറഞ്ഞിട്ട് അതു കഴിച്ചാൽ മരിക്കുമോയെന്നും ചോദിച്ചു.

ഉച്ചയോടെ ടിവി വാർത്തയിൽ ജോൺസന്റെ ചിത്രങ്ങൾ വന്നതോടെ സമീപവാസികൾ ഇയാളെ തിരിച്ചറിഞ്ഞു. പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിന് ഏതാനും മിനിറ്റുകൾക്കു മുൻപ് ഇയാൾ വീട്ടിൽനിന്ന് ഇറങ്ങി. നാട്ടുകാർ വട്ടംകൂടി പിടികൂടുമ്പോഴേക്കും പൊലീസ് പറന്നെത്തി ഇയാളെ ജീപ്പിലാക്കി മടങ്ങി. നാട്ടുകാർ വട്ടം പിടിക്കുമ്പോൾ നിങ്ങൾ പൊലീസുകാരാണോ എന്നായിരുന്നു ഇയാളുടെ ചോദ്യം.

English Summary:

Kadinamkulam murder: Johnson Ouseph, a home nurse, was arrested for the daylight murder of Athira, a housewife in Thiruvananthapuram, after he was found in critical condition having ingested poison. His arrest followed an investigation into their troubled relationship involving social media, extortion, and the victim's refusal to leave her family.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com