നിയന്ത്രണംവിട്ട കാറിന്റെ കൂട്ടയിടി; നിന്നത് പാലത്തിന്റെ കൈവരിയിൽ കയറി, 3 പേർക്ക് പരുക്ക്

Mail This Article
കടുത്തുരുത്തി ∙ നിയന്ത്രണംവിട്ട കാർ പിക്കപ് വാനിൽ തട്ടിയ ശേഷം ബൈക്ക് യാത്രക്കാരായ ദമ്പതികളെയും കാൽനട യാത്രക്കാരിയെയും ഇടിച്ചുവീഴ്ത്തി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും തകർത്തു പാലത്തിന്റെ കൈവരിയിൽ കയറിനിന്നു. അപകടത്തിൽ ദമ്പതികളടക്കം മൂന്നുപേർക്ക് പരുക്ക്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു. ബൈക്ക് യാത്രക്കാരായ കീഴൂർ വടക്കേപറമ്പിൽ സാമുവൽ ദേവസ്യ (63), ഭാര്യ അമ്മിണി (62), കാൽനടയാത്രക്കാരിയായ മങ്ങാട് താന്നിക്കാവ് ചെല്ലമ്മ കുട്ടപ്പൻ (65) എന്നിവർക്കാണ് അപകടത്തിൽ സാരമായി പരുക്കേറ്റത്. ഇവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ കടുത്തുരുത്തി ടൗണിലാണ് സംഭവം. കിടങ്ങൂരെത്തി എറണാകുളത്തേക്കു മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.
എറണാകുളം ഭാഗത്തേക്കു കാർ തിരിഞ്ഞയുടൻ പിക്കപ് വാനിലും ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രക്കാരായ ദമ്പതികൾ സമീപത്തുള്ള കടത്തിണ്ണയിലേക്ക് തെറിച്ചുവീണു. ഇതോടെ നിയന്ത്രണംവിട്ട കാർ കാൽനട യാത്രക്കാരിയെയും ഇടിച്ചുവീഴ്ത്തി പാഞ്ഞു റോഡരികിലിരുന്ന സ്കൂട്ടറിലിടിച്ച് പാലത്തിന്റെ കൈവരിയിൽ രണ്ടടിയിലേറെ ഉയരത്തിൽ കയറി നിൽക്കുകയായിരുന്നു. എഴുമാന്തുരുത്ത് വള്ളിക്കേരിൽ ജീമോന്റെ സ്കൂട്ടറാണ് പൂർണമായും തകർന്നത്. ജീമോൻ സമീപമുള്ള എടിഎമ്മിൽ കയറിയപ്പോഴായിരുന്നു അപകടം. ഓടിക്കൂടിയ വ്യാപാരികളും നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. കടുത്തുരുത്തി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് കോട്ടയം– എറണാകുളം റോഡിൽ ഗതാഗതതടസ്സം ഉണ്ടായി.