‘ലുമിനാരിയ’യിൽ തിരക്കേറുന്നു; ‘സീസൺ ഷീക്’ ഫാഷൻ ഷോ മത്സരം ഇന്ന്

Mail This Article
പാലാ ∙ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനമേള ‘ലുമിനാരിയ’യിൽ ജനത്തിരക്കേറുന്നു. 26 നു മേള സമാപിക്കും. കട്ടച്ചിറയിലും പരിസരങ്ങളിലുമുള്ള പാടശേഖരങ്ങളിൽ നിന്നു ശേഖരിച്ച മണ്ണ് മണൽ ചേർത്ത് അരച്ച് പരുവപ്പെടുത്തി മൺപാത്രങ്ങളും കൗതുകവസ്തുക്കളും കരവേല കൊണ്ടു മെനഞ്ഞെടുക്കുന്ന വൈദഗ്ധ്യം നേരിട്ട് കാണണമെങ്കിൽ സെന്റ് തോമസ് കോളജിൽ എത്തിയാൽ മതി. കട്ടച്ചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന കളിമൺപാത്ര വ്യവസായ സഹകരണ സംഘം ഒരുക്കിയ സ്റ്റാളിൽ കൂജകൾ ഉൾപ്പെടെയുള്ള മൺപാത്രങ്ങളും ശിൽപങ്ങളും അലങ്കാരവസ്തുക്കളും കാണുന്നതിനും വാങ്ങുന്നതിനും സൗകര്യമുണ്ട്. 30 വർഷമായി മുള ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും വീട്ടുപകരണങ്ങളും നിർമിക്കുന്ന തിരുവനന്തപുരം ഭരതന്നൂർ സ്വദേശി ജോസഫും മേളയുടെ ഭാഗമാണ്.
ചിത്രകലയിൽ പ്രാവീണ്യമുള്ളവർക്കും തുടക്കക്കാർക്കും സർഗാത്മകതയുടെ സന്തോഷം പകരുകയാണു ചിത്രകാരന്മാരായ ഫാ.റോയിയും എം.ഡി.സജിയും. പ്രകൃതിസൗന്ദര്യത്തിന്റെയും ആത്മീയദർശനങ്ങളുടെയും സത്ത പ്രതിഫലിപ്പിക്കുന്ന വൈവിധ്യപൂർണമായ ചിത്രങ്ങളാണു കൊമേഴ്‌സ് വിഭാഗത്തിനു സമീപമുള്ള ഹാളിൽ ഒരുക്കിയിരിക്കുന്നത്. ക്രൈസ്തവദർശനങ്ങളും പാരിസ്ഥിതിക ബിംബങ്ങളുമാണു ചിത്രരചനകൾ മിക്കതിന്റെയും പ്രമേയമെന്നു ഫാ.റോയി പറഞ്ഞു. കെ.എം.ജോർജ്, എബി ഇടശേരി, സുനിൽ ജോസ്, സാന്ദ്ര സോണിയ, സിസ്റ്റർ മറിയക്കുട്ടി മുല്ലപ്പള്ളി എന്നിവരും ഒപ്പമുണ്ട്. സിസ്റ്റർ മറിയക്കുട്ടി മുല്ലപ്പള്ളിയുടെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
സെമിനാർ നടത്തി
പാലാ ∙ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പോസ്റ്റ് മോഡേൺ ഇന്ത്യൻ-ഇംഗ്ലിഷ് കവിത എന്ന വിഷയത്തിൽ നടത്തിയ സെമിനാർ പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. അൽഫോൻസ കോളജ് വിദ്യാർഥിനിയും ഇന്ത്യൻ-ഇംഗ്ലിഷ് കവയിത്രിയുമായ നെമറ്റ് ആൻ അങ്ങാടിയത്തിന്റെ കവിതാസമാഹാരം യുവകഥാകാരി ആര്യ അരവിന്ദ് അക്ഷരോത്സവ വേദിയിൽ പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ.സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, തൃക്കാക്കര ഭാരതമാതാ കോളജ് മലയാള വിഭാഗം മേധാവി ഫാ.ഡോ. അനീഷ് പോൾ, അക്ഷരോത്സവം കൺവീനർ ഡോ. തോമസ് സ്കറിയ, ഡോ.അഞ്ജു ലിസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഫാഷൻ ഷോ മത്സരം ഇന്ന്
പാലാ ∙ ദക്ഷിണേന്ത്യയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള 60 വിദ്യാർഥികൾ പങ്കെടുക്കുന്ന ‘സീസൺ ഷീക്’ ഫാഷൻ ഷോ മത്സരം ഇന്ന് വൈകിട്ട് 6.30നു കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടത്തും. 4 ഋതുക്കളുടെയും സവിശേഷതകളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ രൂപകൽപന ചെയ്ത മനോഹര വേഷങ്ങളിൽ വിദ്യാർഥികൾ റാംപിലെത്തും. വിജയികൾക്ക് യഥാക്രമം 75000, 40000, 25000 രൂപയും നൽകും.