ലവൽക്രോസിൽ കാത്തുകിടക്കേണ്ട; ചെങ്ങോലപ്പാടം മേൽപാലം ഒരുങ്ങി

Mail This Article
മുളന്തുരുത്തി ∙ കോട്ടയത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കാർക്കിനി റെയിൽവേ ലവൽക്രോസ് കുരുക്കിന്റെ പേടി വേണ്ട. കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിയായിരുന്ന മുളന്തുരുത്തി ചെങ്ങോലപ്പാടം ലവൽക്രോസിലെ കുരുക്കിനു ശാശ്വത പരിഹാരമായി മേൽപാലം ഒരുങ്ങി. മുളന്തരുത്തി-ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയില്‍വേ ഗേറ്റിലെ യാത്ര ദുരിതത്തിനു പരിഹാരം കാണണമെന്ന പതിറ്റാണ്ടുകളായുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യമാണ് ഇതോടെ നിറവേറുന്നത്. പാലം തുറക്കുന്നതോടെ ജില്ലയുടെ ഭരണസിരാകേന്ദ്രത്തിലേക്കും ഇൻഫോപാർക്ക്, സ്മാർട്സിറ്റി പ്രദേശങ്ങളിലേക്കുമുള്ള പ്രധാന പാതയായി റോഡ് മാറും. സീപോർട്ട്-എയർപോർട്ട് റോഡിലെത്താൻ കോട്ടയം ഭാഗത്തു നിന്നുള്ളവർ ആശ്രയിക്കുന്ന റോഡിലെ പ്രധാന വെല്ലുവിളിയായിരുന്നു റെയിൽവേ ഗേറ്റ്. ട്രെയിൻ കടന്നു പോകാൻ ഗേറ്റ് അടച്ചാൽ 10 മുതൽ 20 മിനിറ്റ് വരെ റോഡിൽ കാത്തുകിടക്കേണ്ടി വരാറുണ്ട്. അവസാന ഘട്ട മിനിക്കുപണികൾ കഴിഞ്ഞാൽ പാലം തുറന്നു കൊടുക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
പ്രതിസന്ധികളും കാത്തിരിപ്പും
∙ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പുകൾക്കും പ്രതിനിധികൾക്കും വിരാമമിട്ടാണ് ചെങ്ങോലപ്പാടത്ത് പാലം യാഥാർഥ്യത്തിലേക്ക് എത്തുന്നത്. നാലു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് റെയിൽവേ മേൽപാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്. ഒടുവിൽ 2014ലെ ബജറ്റിൽ തുക വകയിരുത്തി. 2 സ്പാനുകൾ തീർത്തു പാളത്തിനു കുറുകെ പാലം നിർമിക്കുന്നതിനു കേന്ദ്ര സർക്കാർ ആറു കോടി രൂപയും സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ 29 കോടി രൂപയുമാണ് അന്ന് അനുവദിച്ചത്. റോഡ് നിർമാണത്തിനു കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനായിരുന്നു ചുമതല.
നടപടിക്രമങ്ങൾ പൂർത്തിയാക്കി 2016 നവംബറിലാണു പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2018 ജൂണിൽ പാലം നിർമാണം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ പോലും ആരംഭിച്ചിരുന്നില്ല. പ്രശ്നം ‘മനോരമ’ നിരന്തരം വാർത്ത ചെയ്തതോടെ അനൂപ് ജേക്കബ് എംഎൽഎ വിഷയത്തിൽ ഇടപെട്ടു, 4 തവണ നിയമസഭയിൽ ഉന്നയിക്കുകയും പാലത്തിന്റെ ചിത്രം ഉയർത്തി സഭയിൽ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്നാണു സ്ഥലം ഏറ്റെടുക്കലും റോഡിനു കൂടുതൽ തുകയും അനുവദിച്ചത്.
കാലതാമസം വന്നതിനാൽ അപ്രോച്ച് റോഡിനു നേരത്തെ തീരുമാനിച്ച എസ്റ്റിമേറ്റ് തുകയേക്കാൾ കൂടിയ ടെൻഡറുകളാണു കരാറുകാർ നൽകിയത്. ഒടുവിൽ എസ്റ്റിമേറ്റിനേക്കാള്‍ 19.17% കൂട്ടി നൽകിയ ടെൻഡർ തുകയായ 20.59 കോടി രൂപയ്ക്കു റോഡ് നിർമിക്കാൻ വിശദമായ പരിശോധനകൾക്കു ശേഷം മന്ത്രിസഭ തീരുമാനിച്ചതോടെയാണു നിർമാണം ആരംഭിച്ചത്. മഴ, ഗതാഗത നിയന്ത്രണം തുടങ്ങിയ പ്രതിസന്ധികള്‍ക്കൊടുവില്‍ 2 വര്‍ഷം കൊണ്ടാണു റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
365 മീറ്റർ നീളം
∙ പാലം കടന്നുപോകുന്നതു പാടത്തിനു കുറുകെയായതിനാൽ തൂണുകളിൽ സ്പാൻ സ്ഥാപിച്ചായിരുന്നു അപ്രോച്ച് റോഡ് നിർമാണം. റെയിൽവേ സ്പാൻ അടക്കം 365 മീറ്ററാണു പാലത്തിന്റെ നീളം. 8.1 മുതൽ 7.5 മീറ്റർ വരെയാണു വീതി. ഒരു വശത്ത് നടപ്പാതയും റെയിൽപാളത്തിന്റെ ഇരുവശങ്ങളിലും പാലത്തിലേക്കു കയറാൻ സ്റ്റെയറും നിർമിച്ചിട്ടുണ്ട്. സര്‍വീസ് റോഡുകളും സജ്ജമാണ്. ആകെ 19 സ്പാനുകളാണ് ഇരുവശത്തുമായി അപ്രോച്ച് റോഡിലുള്ളത്.