ADVERTISEMENT

വൈക്കം ∙ ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വടക്കുപുറത്തു പാട്ട് വന്നെത്തുന്നു, വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭദ്രകാളി ആരാധനയുടെ തീവ്രതയും ദേവീസ്തുതികളുടെ ഈരടികളും ആർപ്പുവിളികളുടെയും വായ്ക്കുരവയുടെയും ആരവങ്ങളും മുഴങ്ങാൻ ഇനി നാളുകൾ മാത്രം. മാർച്ച് 17മുതൽ ഏപ്രിൽ 13വരെയാണ് കോടി അർച്ചന, ഏപ്രിൽ 2മുതൽ 13വരെ വടക്കുപുറത്ത് പാട്ട് നടത്തും.

കൊടുങ്ങല്ലൂരമ്മയെ സ്തുതിച്ച് ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും, അവസാന നാൾ വടക്കുപുറത്തു ഗുരുതിയും നടത്തുന്ന ഭക്തിനിർഭരമായ ചടങ്ങാണ് വടക്കുപുറത്തു പാട്ട്. മീന മാസത്തിൽ കാർത്തിക നാളിലാണ് വടക്കുപുറത്തു പാട്ടിന്റെ ആരംഭം.

പ്ലാവിന്റെ കാൽനാട്ടുകർമം
വടക്കുപുറത്ത് പാട്ട് തുടങ്ങുന്നതിന് 41 ദിവസം മുൻപ് കൊടുങ്ങല്ലൂർ അമ്മയുടെ സാന്നിധ്യം സങ്കൽപിച്ച് പ്ലാവിന്റെ കാൽനാട്ടുകർമം. ഫെബ്രുവരി 21ന് വൈകിട്ട് 6നും 6.30നും മധ്യേയാണ് ഇത്തവണത്തെ കാൽനാട്ടുകർമം നടത്തുന്നത്. ദിവസവും വിളക്ക് കാണുന്ന പ്ലാവിൻ തടിയിൽ അവകാശിയായ വെളിച്ചപ്പാട് വാൾ കോതി കണക്കുപ്രകാരം മുറിച്ച് നിലം തൊടാതെ ആഘോഷമായി എത്തിച്ച് പാട്ട് നടത്തുന്ന മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്തായി (വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ മുറ്റം) സ്ഥാപിക്കും.

അന്നേ ദിവസം കൊടുങ്ങല്ലൂർ ക്ഷേത്രത്തെ പ്രതിനിധീകരിച്ച് തന്ത്രിയോ, മേൽശാന്തിയോ എത്തി കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം നിലനിർത്തുന്ന പ്ലാവിൻ തടിയെ പൂജിക്കും. അവിടം കെട്ടിത്തിരിച്ച് കൊടുങ്ങല്ലൂരമ്മയായി സങ്കൽപിച്ച് തടിയുടെ ചുവട്ടിൽ വെളിച്ചപ്പാട് വാൾ വയ്ക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈക്കം ക്ഷേത്രത്തിലെ ശാന്തി നിവേദ്യം നൽകണം.

ഉദയനാപുരത്ത് പുതിയവിളക്ക്
പ്ലാവിന്റെ കാൽനാട്ടു കർമത്തിന് മുൻപായി ഉദയനാപുരം ദേശക്കാരുടെ നേതൃത്വത്തിൽ ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ ബലിക്കൽ പുരയിൽ പുതിയവിളക്ക് തെളിയിക്കും. വടക്കുപുറത്തു പാട്ട് ചടങ്ങുകൾ അവസാനിക്കുന്നത് വരെ കെടാവിളക്കായി നിലകൊള്ളണം എന്നാണ് വിശ്വാസം. ദേശതാലപ്പൊലി ആരംഭിക്കുന്നതും ഉദയനാപുരം ക്ഷേത്രത്തിൽ നിന്നാണ്.

വിളംബരം മുഴക്കി ദേശതാലപ്പൊലി ഉദയനാപുരം ക്ഷേത്രത്തിൽ നിന്നാണ് ദേശതാലപ്പൊലിയുടെ ആരംഭം. മീനമാസത്തിലെ രേവതി നാളിൽ തൈക്കാട്ടുശേരി പുന്നക്കീഴിൽ ഭഗവതിക്ഷേത്രം, ഭരണി നാളിൽ വൈക്കത്ത് പനച്ചിക്കൽ ഭഗവതിക്ക് സമർപ്പിച്ച ശേഷം മൂത്തേടത്തുകാവ് ദേവീക്ഷേത്രം എന്നിവിടേക്കു ദേശതാലപ്പൊലി നടത്തും.അന്നേ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2ന് ഉദയനാപുരം ക്ഷേത്രനട തുറക്കുകയും പുതിയവിളക്കിൽ നിന്ന് ആദ്യദീപം പകർന്ന് താലപ്പൊലി ആരംഭിക്കുകയും ചെയ്യും.

പെരുമയേറും കളമെഴുത്തും പാട്ടിന് ആചാര്യൻ 
പൂർവകാലത്ത് നിന്നുപോയി 1965ലാണ് വടക്കുപുറത്തുപാട്ട് പുനരാരംഭിച്ചത്. പുതുശ്ശേരി മാധവക്കുറുപ്പിൽ നിന്നും നാണപ്പക്കുറുപ്പിൽ നിന്നും ആചാരാനുഷ്ടാനങ്ങളു‌ടെ ഉപദേശം സ്വീകരിച്ച് അന്നേ മുതൽക്കേ തന്നെ സജീവ സാന്നിധ്യമായിരുന്നു. 2013ൽ ആചാര്യനാകാൻ സാധിച്ചു. പുതുശ്ശേരി കുടുംബത്തിൽ ആചാര്യനാകാൻ തക്കവണ്ണം അറിവുകൾ സ്വായത്തമായ ആൾ ഇല്ലാത്തതിനാൽ 2013ൽ പുതുശ്ശേരി കുടുംബത്തിന്റെ ഇണങ്ങന്മാരായ തേരോഴി കുടുംബത്തിലെ തനിക്ക് അവസരം ലഭിക്കുകയായിരുന്നു.

മണിക്കൂറുകളോളം നീണ്ട കളമെഴുത്തും പാട്ടുമാണ് വടക്കുപുറത്തു പാട്ടിന്റെ മുഖ്യ ആകർഷണം. ആചാര്യനാണ് ഇതിന്റെ മേൽനോട്ടം. പുതുശ്ശേരി കുടുംബക്കാർക്കാണ് അവകാശം. വടക്കുപുറത്തു പാട്ടിന്റെ ആചാര അനുഷ്ടാനങ്ങളോട് പരിപൂർണ ബോധ്യവും കളംപൂജ, കളമെഴുത്ത്, കളംപാട്ട് എന്നിവയിൽ വൈദഗ്ധ്യവുമുള്ള ആളായിരിക്കണം ആചാര്യൻ. കളം പൂജയുടെ പൂജാദി കാര്യങ്ങൾ നമ്പൂതിരി സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തവുമാണ്. ആചാര്യന്റെ നിർദേശപ്രകാരം വ്രതാനുഷ്ഠാനത്തോടെ സഹായികളും നിലകൊള്ളും. – തേരോഴി രാമക്കുറുപ്പ് (2013 വടക്കുപുറത്തു പാട്ട് ആചാര്യൻ)

നിറ വർണ വൈവിധ്യമേറും ഭഗവതി കളം
പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന പഞ്ചവർണ്ണ പൊടികളാണ് കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്. ആദ്യത്തെ നാല് ദിവസങ്ങളിൽ 8 കൈകളോടു കൂടിയ ഭഗവതി രൂപവും, അഞ്ചാം ദിനം മുതൽ എട്ടാം ദിനം വരെ 16 കൈകളോടു കൂടിയ ഭഗവതി രൂപവും, ഒൻപതാം ദിനം മുതൽ പതിനൊന്നാം ദിനം വരെ 32 കൈകളോടു കൂടിയ ഭഗവതി രൂപവും, അവസാന ദിനം 64 കൈകളോടുകൂടി ആയുധമേന്തിയ ഭഗവതിയുടെ വിശ്വരൂപമാണ് വരയ്ക്കുന്നത്.

നാല് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ശ്രമകരമായ ജോലിയാണ് കളം വരയ്ക്കൽ. ആദ്യ ദിനങ്ങളിൽ 10പേരും, അവസാന ദിനങ്ങളിൽ 20 പേരും ചേർന്നാണ് കളം വരയ്ക്കൽ പൂർത്തിയാക്കുന്നത്.കളമെഴുത്തിന് എന്നപോലെ വച്ചൊരുക്കിനും മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തതയുണ്ട്. അവസാന ദിനം 64 നിലവിളക്ക്, 64 നാളികേരം, 12 പറ നെല്ല്, ബാക്കി അരി, മഞ്ഞൾ പറ തുടങ്ങിയവയും ഉപയോഗിക്കുന്നു.

കൊടുങ്ങല്ലൂരമ്മയ്ക്ക് എതിരേൽപ്
ഉച്ചപ്പാട്ടോടെയാണ് ആദ്യദിനം ആരംഭം. കളം വരച്ച് പൂർത്തിയാക്കി വൈകിട്ടോടെ ഭക്തർക്ക് ദർശനത്തിന് അവസരം ഒരുക്കും. വൈക്കം ക്ഷേത്രത്തിലെ അത്താഴപൂജയ്ക്കു ശേഷം കളമെഴുതിയ മണ്ഡപത്തിൽ നിന്നും എതിരേൽക്കാനായി കൊടുങ്ങല്ലൂരമ്മയെ ആനപ്പുറത്ത് എഴുന്നള്ളിക്കും. വാളേന്തിയ വെളിച്ചപ്പാട് അകമ്പടിയേകും. വീക്കൻ, ഇലത്താളം എന്നിവയുടെ തലത്തിൽ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കൊച്ചാലുംചുവട്ടിലേക്ക് പോകുന്നു.

കൊച്ചാലുംചുവട്ടിൽ പന്തം, കോൽതിരി, കൈത്തിരി, തിരി എന്നിവയടങ്ങിയ പഞ്ചലങ്കാര പൂജയ്ക്ക് ശേഷം ഭഗവതിയെ എതിരേൽക്കും. വാദ്യമേളങ്ങളും വ്രതശുദ്ധിയോടെ കുത്തുവിളക്കേന്തിയ സ്ത്രീകളും അനുഗമിക്കും. കൊടുങ്ങല്ലൂരമ്മ വടക്കേഗോപുരം കടന്ന് പ്രവേശിക്കുമ്പോൾ അത്താഴശീവേലിക്ക് എഴുന്നള്ളിയ വൈക്കത്തപ്പനുമായി ക്ഷേത്രത്തിന് രണ്ടു പ്രദക്ഷിണം പൂർത്തിയാക്കും. മൂന്നാമത്തെ പ്രദക്ഷിണം വടക്കുപുറത്ത് എത്തുമ്പോൾ ഭഗവതിയെ കളമെഴുതിയ മണ്ഡപത്തിൽ പീഠത്തിലേക്ക് ഇരുത്തും. ആചാര്യന്റെ നേതൃത്വത്തിൽ കളം പൂജയ്ക്ക് ശേഷം പ്രസന്ന പൂജയും കൊട്ടിപ്പാടി സേവയും ആരംഭിക്കും.

 തിരി ഉഴിച്ചിൽ
ആചാര്യൻ താംബളത്തിൽ അക്ഷതം, പൂക്കുല, പൂവ്, നെയ്യിൽ നനച്ച 9 തിരി എന്നിവ എടുത്ത് ഗുരു, ഗണപതിമാരെയും കളത്തിനും പീഠത്തിൽ ഇരിക്കുന്ന ഭഗവതിയെയും വഴിപാട് നടത്തുന്നവർ, ഭക്തജനങ്ങൾ, ക്ഷേത്ര ഉടമകൾ, നടത്തിപ്പുകാർ എന്നിവരെ ഉഴിഞ്ഞ് സമർപ്പിക്കണം.

കളംപാട്ട്
ആചാര്യന്റെ നിർദേശപ്രകാരം എത്തിയ കുറുപ്പന്മാർക്കാണ് പാട്ടിനുള്ള നിയോഗം. ശംഖ് വിളിച്ച് വീക്കൻ, ചേങ്ങില എന്നിവയുമായി പാട്ട് ആരംഭിക്കുന്നു. പൂർവകാലത്ത് നന്തുണിയും ഉപയോഗിച്ചിരുന്നു.വിവിധ വർണനകൾ അടങ്ങിയ ദേവീസ്തുതികളാണ് പ്രധാനമായും പാടുന്നത്. മഹാദേവനെ സ്തുതിച്ച് പര്യവസാനിപ്പിക്കും.തുടർന്ന് ആചാര്യൻ പൂക്കുലകൊണ്ട്  കളം മായ്ക്കും. നടത്തിപ്പുകാർക്കും, ഭക്തർക്കും പ്രസാദം വിതരണം ചെയ്യും. ചടങ്ങ് പൂർത്തിയാക്കി പിറ്റേ ദിവസത്തെ കളം വരയ്ക്കാൻ ആരംഭിക്കുന്നു.

വടക്കുപുറത്തു ഗുരുതി
പന്ത്രണ്ടാം ദിവസം കളം മായ്ച്ച് പര്യവസാനം ചെയ്ത ശേഷം വടശ്ശേരി ഇല്ലത്തെ നമ്പൂതിരിയുടെ കാർമികത്വത്തിൽ വടക്കുപുറത്തു ഗുരുതി നടത്തും. ഗുരുതി അവസാനിക്കുന്നതോടെ വടക്കുപുറത്തു പാട്ട് പൂർത്തിയാകും.

English Summary:

Vadakkupurathu Paattu, a twelve-day devotional ceremony at Vaikom Mahadeva Temple, celebrates Goddess Bhadrakali with mesmerizing hymns and rituals. The festival, featuring the Koti Archana, runs from March 17th to April 13th, with the main Vadakkupurathu Paattu from April 2nd to 13th.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com