ചങ്ങനാശേരി നഗരം കയ്യടക്കാൻ ശ്രമിച്ച് സാമൂഹികവിരുദ്ധർ

Mail This Article
ചങ്ങനാശേരി ∙ നഗരത്തിൽ സാമൂഹികവിരുദ്ധരുടെ ശല്യം വർധിക്കുന്നു. നടപ്പാതകളിലും കടകളുടെ മുൻപിലും അർധനഗ്നരായി സാമൂഹികവിരുദ്ധർ കിടക്കുന്നത് പതിവ് കാഴ്ചയാണ്. ലഹരിയുടെ മയക്കത്തിലാണ് പലരും. ഇവരെ എഴുന്നേൽപിച്ച് കട തുറക്കാൻ ശ്രമിക്കുന്നവരെ അസഭ്യം പറയുകയാണ്. നടപ്പാതകളിലും ലഹരിമയക്കം പതിവാണ്. തൊട്ടാൽ പൊല്ലാപ്പാകുമെന്ന് പറഞ്ഞ് പൊലീസും മാറിനിൽക്കുന്നതോടെ വഴിയിലൂടെ നടക്കാൻ പോലും കഴിയുന്നില്ലെന്ന് ആളുകൾ പറയുന്നു. ജോലിക്കു പോകുന്നതും മടങ്ങുന്നതുമായ സ്ത്രീകളും സ്കൂൾ കോളജ് വിദ്യാർഥികളുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്.
കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം, ബവ്റിജസ് ഔട്‌ലെറ്റ് പരിസരം എന്നിവിടങ്ങളിലാണ് സ്ഥിരം ശല്യക്കാരുള്ളത്. ബവ്റിജസ് പരിസരം കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധർ ചേർന്ന് ചേരി തിരിഞ്ഞുള്ള സംഘർഷം പതിവാണ്. ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലും ശല്യമുണ്ട്. രാത്രി നിർത്തിയിടുന്ന ബസുകൾക്കുള്ളിൽ കയറി മദ്യപാനവും മലമൂത്രവിസർജനം നടത്തുന്നതായും ബസ് ജീവനക്കാർ പറയുന്നു. വഴിവിളക്കുകൾ തെളിയാത്ത ഇടങ്ങളിൽ പരസ്യ മദ്യപാനം പതിവാണ്.
നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും കയറി ലഹരിവസ്തുക്കൾ വാങ്ങാൻ പണം ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. കടകൾക്കു മുൻപിൽ മലമൂത്രവിസർജനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നവരുമുണ്ട്. സാമൂഹികവിരുദ്ധരെ നിയന്ത്രിക്കുന്നതിനും ആക്രമണങ്ങൾ ഒഴിവാക്കുന്നതിനും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണു പൊതുജനം ആവശ്യപ്പെടുന്നത്.