കൃഷി ചെയ്യുന്നതെന്തിന്, കാട്ടുപന്നിയെ തീറ്റാനോ? കറുകച്ചാൽ, വാഴൂർ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം

Mail This Article
കറുകച്ചാൽ / വാഴൂർ ∙ ‘കപ്പയോ കാച്ചിലോ നട്ടാൽ കാട്ടുപന്നിക്കുള്ളതാണ്. 2 കോഴിയെ വളർത്തിയാൽ കുറുനരി കൊണ്ടുപോകും’ – മേഖലയിലെ കർഷകർ പറയുന്നത് ഇങ്ങനെ. വാഴൂർ, കങ്ങഴ, നെടുംകുന്നം, കറുകച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായത്. റബർ തൈകൾ, തെങ്ങ്, ജാതി, കപ്പ, ചേന, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. വിളവെടുപ്പിനു പാകമായ വസ്തുക്കൾ പോലും കാട്ടുപന്നികൾ നശിപ്പിക്കുന്നു. വാഴൂർ ശാസ്താംകാവ് മേഖലയിലും കാനം - ചാമംപതാൽ മേഖലയിലുമാണ് കാട്ടുപന്നിശല്യം രൂക്ഷമായത്. വീട്ടുമുറ്റത്തെ ചെടികൾ വരെ പന്നിക്കൂട്ടം നശിപ്പിക്കുന്നുണ്ട്. രാത്രി ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ കാട്ടുപന്നിയെ പേടിച്ചാണ് യാത്ര ചെയ്യുന്നത്.
തോട്ടം കാടായി
റബർ തോട്ടങ്ങളിലെ മരങ്ങൾ വെട്ടിമാറ്റിയതോടെ പറമ്പുകൾ കാടുകയറി. ഇതോടെ വന്യജീവികളുടെ ആവാസ കേന്ദ്രമായി. പലരും തോട്ടങ്ങളിലെ കാട് തെളിക്കുന്നില്ല. തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് പന്നികൾ ഉള്ളതെന്നു നാട്ടുകാർ പറയുന്നു. രാത്രി കൂട്ടത്തോടെ വരുന്ന പന്നിക്കൂട്ടം വലിയ കൃഷി നാശമാണ് ഉണ്ടാക്കുന്നത്. കാടുകയറിയ തോട്ടങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ മേഖലയിൽ വന്യജീവി ശല്യം വ്യാപകമാകുമെന്നു നാട്ടുകാർ ആശങ്കപ്പെടുന്നു.