നഗരസഭയിലെ 211 കോടിയുടെ ക്രമക്കേട്: ഓഡിറ്റ് വിഭാഗം നാളെ എത്തും
Mail This Article
കോട്ടയം ∙ 211 കോടിയുടെ ക്രമക്കേട് അന്വേഷിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം നാളെ നഗരസഭയിൽ എത്തും. 2 ഫിനാൻസ് ഓഫിസർമാരും 2 വിജിലൻസ് ഉദ്യോഗസ്ഥരും അടങ്ങുന്ന 12 അംഗ സംഘമാണ് പരിശോധനയ്ക്കെത്തുന്നത്. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന. വർഷങ്ങളായി ചെക്കും ഡ്രാഫ്റ്റും മുഖേനയുള്ള പണമടവുകൾ നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
ബാങ്ക് നിക്ഷേപവും നഗരസഭയിലെ പണം ഇടപാടുകളും എല്ലാമാസവും ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പാക്കേണ്ടതാണ്.ഇതു നിരീക്ഷിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ ഭാഗമായ കൺകറന്റ് ഓഡിറ്റ് വിഭാഗം നഗരസഭയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ബാങ്ക് റീ കൺസീലിയേഷൻ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാറില്ല.സാങ്കേതികപ്പിഴവെന്ന് പറഞ്ഞ് വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ നഗരസഭയിൽ എൽഡിഎഫ് –യുഡിഎഫ് ഒത്തുകളിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
വർഷങ്ങളായി നഗരസഭയിൽ ലഭിക്കുന്ന ചെക്കുകളും ഡ്രാഫ്റ്റുകളും ബാങ്കിൽ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താറില്ല. സമർപ്പിച്ചവയുടെ തുക ബാങ്കിൽ എത്തുന്നുണ്ടോയെന്നു പരിശോധിക്കുന്നില്ല. ഡ്രാഫ്റ്റ്, ചെക്ക് എന്നിവ നഗരസഭയിൽ ലഭിക്കുന്നത് രേഖപ്പെടുത്തേണ്ട റജിസ്റ്ററുകളും നശിപ്പിക്കപ്പെട്ടു. ഇവ ഉറപ്പാക്കേണ്ട ഓഡിറ്റ് വിഭാഗം ഇതൊന്നും കാണുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു.
ബിജെപി ധർണ ഇന്ന്
പെൻഷൻ ഫണ്ട് വെട്ടിച്ച കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും 2000 മുതലുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നു 10 ന് നഗരസഭയിൽ ബിജെപി ധർണ നടത്തും. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ ഉദ്ഘാടനം ചെയ്യും.