കുച്ചിപ്പുഡിയിൽ വിസ്മയം തീർത്ത അതിഥി തൊഴിലാളി ദമ്പതികളുടെ മകൾ; പറയാനുണ്ട് സങ്കടങ്ങൾ ഏറെ

Mail This Article
കോട്ടയം ∙ കുച്ചിപ്പുഡിയിൽ വിസ്മയം തീർത്ത പ്ലസ്ടു വിദ്യാർഥിനി ഹരിത ഹരിഷിനു പറയാനുണ്ട് സങ്കടങ്ങൾ ഒട്ടേറെ. അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എഐടിയുസി സംഘടിപ്പിച്ച ദേശീയ കോൺക്ലേവിൽ സ്വാഗത നൃത്തം കുച്ചിപ്പുഡി അവതരിപ്പിക്കാനാണ് അതിഥി തൊഴിലാളി ദമ്പതികളുടെ മകളായ ഹരിത എത്തിയത്. ഹരിതയുടെ കുച്ചിപ്പുഡി കണ്ട് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗറും ദേശീയ നേതാക്കളും ഒപ്പം നിന്നു ചിത്രമെടുക്കാനും തിരക്കുകൂട്ടി.
പരേതനായ അതിഥി തൊഴിലാളി ഹരിശങ്കർ (ഹരിഷ്)–രേഖ ദമ്പതികളുടെ മകളാണ് പ്ലസ്ടു വിദ്യാർഥിനി ഹരിത. 23 വർഷം മുൻപാണു യുപി – ബിഹാർ അതിർത്തി പങ്കിടുന്ന ചെയ്ൻബർ ജില്ല സ്വദേശിയായ ഹരീഷ് ഏറ്റുമാനൂർ സ്വദേശിനി രേഖയെ വിവാഹം ചെയ്തത്. രേഖയുടെ സഹോദരി രേണു ഡൽഹിയിൽ അധ്യാപികയായിരുന്നു. രേണു വഴി എത്തിയ വിവാഹ ആലോചനയ്ക്കു രേഖ സമ്മതം മൂളി. ചെറുപ്പം മുതൽ ഹിന്ദി ഭാഷയോടുള്ള താൽപര്യവും വിവാഹത്തിനു കാരണമായി. വിവാഹ ശേഷം ഹരിഷ് ഏറ്റുമാനൂരിൽ താമസം ആരംഭിച്ചു.
ഹരിത നൃത്തം പഠിപ്പിക്കണമെന്നതു ഹരിഷിന്റെ ആഗ്രഹമായിരുന്നു. സ്ട്രോക്കുണ്ടായി കിടപ്പിലായ ഹരിഷ് കഴിഞ്ഞ വർഷം മരിച്ചു. രേഖയുടെ മാതാപിതാക്കളും സമീപകാലത്താണ് മരിച്ചത്. 5000 രൂപ വാടക നൽകി ഏറ്റുമാനൂരാണ് രേഖയും ഹരിതയും താമസിക്കുന്നത്. രേഖ മേക്കപ്പ് അസിസ്റ്റന്റായി ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. ഹരിതയും അമ്മയെ സഹായിക്കാനെത്തും.
കുച്ചിപ്പുഡിക്കും ഭരതനാട്യത്തിനും ഉപയോഗിക്കാൻ വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കണം. നൃത്തത്തിനുള്ള വസ്ത്രങ്ങൾ വാടകയ്ക്കു എടുക്കാനും മേക്കപ്പിനും പണം വേണം. കൂടാതെ നൃത്ത മത്സരങ്ങൾക്കു ഒരേ വസ്ത്രം നിരന്തരമായി ഉപയോഗിക്കേണ്ടി വന്നതും ഹരിതയെ പിന്നോട്ട് വലിച്ചു. ഇതോടെ മത്സരങ്ങൾക്കു പോകേണ്ടെന്നു ഹരിത തീരുമാനിക്കുകയായിരുന്നു. പഠിക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനും ഒരു വീട് സ്വന്തമായി വേണമെന്നുള്ളതാണു ഹരിതയുടെ സ്വപ്നം.