ഫോണിന്റെ വെളിച്ചത്തിൽ തുന്നലിട്ട സംഭവം: ‘ജനറേറ്റർ ഓഫ് ചെയ്തത് പാനൽ തകരാർ പരിഹരിക്കാൻ’
Mail This Article
കോട്ടയം ∙ തലയിൽ മുറിവുമായെത്തിയ കുട്ടിക്ക് വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നലിടേണ്ടി വന്ന സംഭവത്തിൽ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ വിശദീകരണം. ആശുപത്രിയിലെ പ്രധാന വൈദ്യുതി വിതരണ ബോർഡിലെ പാനൽ തകരാറായതിനാൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിച്ചു. പാനൽ ബോർഡിലെ തകരാർ പരിഹരിക്കാൻ എറണാകുളത്തു നിന്നാണു സ്പെയർ പാർട്സ് എത്തിച്ചത്.
തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിഷ്യൻമാർക്കു ഷോക്ക് ഏൽക്കാതിരിക്കാൻ ജനറേറ്റർ ഓഫ് ചെയ്യേണ്ടി വന്നതാണു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ജനറേറ്ററിൽ ഡീസലുണ്ടായിരുന്നു. ഡീസൽ തീർന്നിട്ടല്ല ജനറേറ്റർ നിർത്തിയത്. കുട്ടിയുടെ മുറിവിന്റെ ചുറ്റിലുമുള്ള തലമുടി നീക്കുക മാത്രമാണു ഫോൺ വെളിച്ചത്തിൽ ചെയ്തത്. അത്യാഹിത വിഭാഗത്തിലെത്തിച്ചാണു മുറിവിനു തുന്നലിട്ടത്. ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.