വാഴൂർ റോഡിൽ ‘ടേക് എ ബ്രേക്’ തുറക്കുന്നു; ഹൈറേഞ്ച് ടൂറിസ്റ്റുകൾക്ക് പ്രയോജനം
Mail This Article
മാടപ്പള്ളി ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഴൂർ റോഡിൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി (വഴിയോര വിശ്രമ കേന്ദ്രം) തുറക്കുന്നു. കൊച്ചുറോഡിനു സമീപമാണ് അത്യാധുനിക സംവിധാനങ്ങളോടെ ടേക്ക് എ ബ്രേക്ക് തുടങ്ങുന്നത്. യാത്രക്കാർക്ക് വിശ്രമിക്കാനും ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാനുമാണ് പദ്ധതി. കൊച്ചുറോഡിലെ ടേക്ക് എ ബ്രേക്ക് ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്യും. മാടപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം.
സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ശുചിമുറികൾ, അമ്മമാർക്ക് മുലയൂട്ടൽ മുറി, വിശ്രമ മുറി, ഫോൺ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം, ലഘുഭക്ഷണശാല എന്നിവ കെട്ടിടത്തിലുണ്ടാകും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല കൈമാറിയിരിക്കുന്നത്. ജലഅതോറിറ്റിയുടെ ശുദ്ധജലമാണ് ഉപയോഗിക്കുക. കൂടാതെ കുഴൽക്കിണറിനായി പദ്ധതി വകയിരുത്തിയിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികളും പൂർത്തിയായി. അവസാനഘട്ട മിനുക്കു പണികൾ മാത്രമാണ് ശേഷിക്കുന്നത്.
ഹൈറേഞ്ച് ടൂറിസ്റ്റുകൾക്ക് പ്രയോജനം
വാഴൂർ റോഡിലൂടെ വാഗമൺ, തേക്കടി, മൂന്നാർ, കുമളി തുടങ്ങി ഹൈറേഞ്ച് മേഖലയിലേക്ക് കടന്നു പോകുന്ന വിനോദ സഞ്ചാരികൾക്കാണ് പദ്ധതി ഏറെ പ്രയോജനപ്പെടുക. ശബരിമല തീർഥാടകർക്കും ഉപകാരപ്പെടും. നിലവിൽ പെട്രോൾ പമ്പുകളിലെയും ഹോട്ടലുകളിലെയും ശുചിമുറിയാണ് ഈ റൂട്ടിലൂടെ കടന്നു പോകുന്നവർക്ക് ആശ്രയം.