കുറവിലങ്ങാട് പഞ്ചായത്ത്: അടിസ്ഥാന പ്രശ്നങ്ങൾക്ക് അവഗണന

Mail This Article
കുറവിലങ്ങാട് ∙വിവിധ വിഷയങ്ങളുടെ പേരിൽ പഞ്ചായത്തിൽ എൽഡിഎഫ്,യുഡിഎഫ് പോര് തുടരുമ്പോൾ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു. വേനലിന്റെ കാഠിന്യം വർധിച്ചതോടെ വലിയതോട് മാലിന്യ വാഹിനിയായി. മത്സ്യ മാർക്കറ്റിൽ മലിനജല ടാങ്ക് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ടു ദിവസങ്ങളായി.
വലിയ തോട്ടിൽ വൻ തോതിൽ മാലിന്യം നിറഞ്ഞു. വശങ്ങൾ കാട് പിടിച്ച അവസ്ഥയിൽ. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കെട്ടിക്കിടക്കുന്നു. വലിയ തോട്ടിലെ ചീപ്പുകൾ, ചെറുപാലങ്ങൾ എന്നിവയുടെ കീഴിലാണ് മാലിന്യം കൂടുതൽ കെട്ടിക്കിടക്കുന്നത്.കോഴാ മുതൽ കാളികാവ് വരെ വലിയ തോട്ടിൽ പത്തിലധികം ചീപ്പുകൾ ഉണ്ട്. കോഴാ മുതൽ കാളികാവ് വരെ പല സ്ഥലത്തും തോടിന്റെ വശങ്ങൾ കാട് പിടിച്ചു കിടക്കുന്നു.
കുറവിലങ്ങാട് പഞ്ചായത്തിലെ പത്തോളം ചെറുകിട ജലവിതരണ പദ്ധതികൾ വലിയതോടുമായി ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷേ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഭക്ഷണശാലകളിൽ നിന്നും അഴുക്ക് ചാലുകൾ തുറക്കുന്നതും ചില സ്ഥലങ്ങളിൽ ശുചിമുറികളിൽ നിന്നുള്ള മാലിന്യക്കുഴൽ തുറക്കുന്നതും ഇതേ വലിയ തോട്ടിൽ തന്നെ. തോടിന്റെ ശുചീകരണം സംബന്ധിച്ചു പഞ്ചായത്ത് കാര്യമായ നടപടികൾ എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
∙പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം പ്രധാന ഓടയിലും ഇവിടെ നിന്നു തോട്ടിലേക്കു വെള്ളം ഒഴുകുന്ന ഓടയിലും രൂക്ഷഗന്ധമുള്ള മലിനജലം നിറഞ്ഞു കിടക്കുകയാണ്. ഓടയിൽ തള്ളുന്ന മാലിന്യവും കുറവിലങ്ങാട് ടൗണിലെ പ്രധാന ജലസ്രോതസ്സായ വലിയതോട്ടിലാണ് എത്തുന്നത്.
മാർക്കറ്റ്കടമുറികളിൽ നിന്നു ഓരോ മാസവും കൃത്യമായി വാടക ഈടാക്കുന്ന പഞ്ചായത്ത് അധികൃതർ പച്ചക്കറി മാർക്കറ്റ്, മത്സ്യമാർക്കറ്റ്, അറവുശാല എന്നിവയുടെ ശുചീകരണത്തിനു പോലും നടപടി എടുക്കുന്നില്ല. മത്സ്യമാർക്കറ്റിൽ മലിനജല സംഭരണി നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ടു ദിവസങ്ങളായി. പരിസരമാകെ അസഹനീയമായ ദുർഗന്ധമാണ്.