60 മുതൽ 92 വയസുവരെയുള്ളവർ; മണർകാട് പഞ്ചായത്തിൽ വയോജന കലോത്സവം നടത്തി

Mail This Article
മണർകാട്∙ പഞ്ചായത്തിന്റെ വയോജനക്ഷേമ പദ്ധതിയായ തണലിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമായി ഇരുന്നൂറിന് അടുത്ത് വയോജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കലോത്സവം നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽ കുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കായി ഏകദിന വിനോദയാത്ര, എല്ലാ വാർഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് ആയുർവേദ-ഹോമിയോ-അലോപ്പതി മെഡിസിനുകളുടെ സംയുക്ത മെഡിക്കൽ ക്യാംപ്, എല്ലാ വാർഡുകളിലും വയോജന കൂട്ടായ്മ എന്നിവയ്ക്ക് ശേഷമാണു വയോജന കലോത്സവം സംഘടിപ്പിക്കുന്നതെന്ന് തണൽ പദ്ധതി കോർഡിനേറ്റർ ജാക്‌സൺ മാത്യു പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുമെന്നും, വീണ്ടും ഒരു ഏകദിന യാത്ര സംഘടിപ്പിക്കുമെന്നും പഞ്ചായത്തു പ്രസിഡന്റ് കെ.സി. ബിജു അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം ഫിലിപ്പോസ്, വൈസ് പ്രെസിഡന്റ് ജെസ്സി ജോൺ, മെമ്പർമാരായ ജിജി മണർകാട്, രാധാ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. പതിനൊന്നു മണിയോടെ ആരംഭിച്ച കല കായിക മത്സരങ്ങൾ വൈകുന്നേരം 6 മണിയോടെ അവസാനിച്ചു.
60 വയസ് മുതൽ 92 വയസുവരെയുള്ള അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കലാ കായിക മത്സരങ്ങളിൽ ഒന്ന് രണ്ടു സ്ഥാനം നേടിയവർക്ക് ട്രോഫി നൽകി. വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരേയും, ഏറ്റവും പ്രായം കൂടിയ അംഗത്തെയും ആദരിച്ചു. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പതിനഞ്ചാം വാർഡും, രണ്ടാം സ്‌ഥാനത്തു വന്ന നാലാം വാർഡിനുമായി വാർഡ് മെമ്പർമാരായ ജോമോൾ ജിനേഷും, രാധ സുരേഷും വയോജന അംഗങ്ങളോടൊപ്പം പ്രസിഡന്റ് കെ.സി. ബിജുവിൽ നിന്ന് എവർ റോളിങ് ട്രോഫി സ്വീകരിച്ചു.