‘മോൻ രാത്രി വരുമ്പോൾ കതകു തുറന്നുകൊടുക്കാൻ പേടിയാണ്, എന്നെ അമ്മയായിട്ടല്ല കാണുന്നത്’; അരുതാത്തത് സഹോദരിയോടും

Mail This Article
‘എന്റെ മോൻ രാത്രി വരുമ്പോൾ കതകു തുറന്നുകൊടുക്കാൻ എനിക്കു പേടിയാണ്. അവനു ഭക്ഷണം വിളമ്പിക്കൊടുക്കാൻ ധൈര്യമില്ല. ലഹരി കഴിച്ചിട്ട് അവൻ വരുമ്പോൾ എന്നെ അമ്മയായിട്ടല്ല കാണുന്നത്. വിദേശത്തുള്ള അച്ഛനെ കാര്യങ്ങൾ അറിയിച്ചിട്ടില്ല. അറിഞ്ഞാൽ അദ്ദേഹം നെഞ്ചുപൊട്ടി മരിക്കും. ഒറ്റ മകനാണ്. അവൻ ഉണ്ടാക്കുന്ന അടിപിടിക്കേസുകൾ ഒത്തുതീർപ്പാക്കാൻ പണം വാരിക്കോരി ചെലവഴിക്കുകയാണ്.’ ഇത് ഒരമ്മയുടെ വിലാപമാണ്. ലഹരിവലയിൽപെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന ഈ അമ്മ ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നുള്ളതാണ്. രാസലഹരിയുടെ അടക്കം ചുഴിയിൽപെട്ട് ജീവിതം ഇല്ലാതാക്കുന്ന, സഹജീവിയെ കൊല്ലാൻ പോലും മടിയില്ലാതായ ഒരുപാട് മക്കളിൽ ഒരാളുടെ അമ്മ.
മകൻ പ്ലസ്ടു കാലം തൊട്ടാണ് വഴിതെറ്റാൻ തുടങ്ങിയത്. പ്ലസ്ടുവിനു പഠിക്കുന്ന സമയത്ത് ബാഗിൽനിന്നു കുഞ്ഞുപൊതി ലഭിച്ചു. തരിപോലെ വെള്ളപ്പൊടികളായിരുന്നു പൊതിയിൽ. കൂട്ടുകാരൻ തന്നതാണെന്നും കെമിസ്ട്രി ലാബിലേക്കുള്ളതാണെന്നുമാണു പറഞ്ഞത്.പിന്നീട് ഒരിക്കൽ ബാഗിൽനിന്ന് ഉണങ്ങിയ ഇലകൾ ലഭിച്ചു. അതോടെ സംശയം മുളപൊട്ടി.
തരക്കേടില്ലാത്ത മാർക്ക് വാങ്ങി പ്ലസ്ടു ജയിച്ചു. ബിരുദ പഠനത്തിനു കോളജിൽ ചേർന്ന ശേഷം കാര്യങ്ങൾ കൈവിട്ടു. അവന്റെ കണ്ണുകൾ ചത്ത മീനിന്റേതു പോലെയായി. പ്രസരിപ്പെല്ലാം എങ്ങോ മാഞ്ഞു. വസ്ത്രധാരണം അലസമായി. താടിയും മുടിയും വെട്ടിയൊതുക്കാൻ പോലും താൽപര്യമില്ല. പണത്തിനു വേണ്ടി അവൻ വീട്ടിൽ അടിയുണ്ടാക്കി. പിന്നീട് വീട്ടിൽനിന്നു മോഷ്ടിക്കാനാരംഭിച്ചു.
അരുതാത്തത് സഹോദരിയോടും
കൊച്ചിയിൽനിന്നു വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ അനുജനു കഴിക്കാനെന്തെങ്കിലും വാങ്ങിവരുന്നത് അവളുടെ പതിവായിരുന്നു. തന്നെക്കാൾ രണ്ടു വയസ്സിന് ഇളപ്പമേയുള്ളുവെങ്കിലും അവൾക്ക് അവൻ കുഞ്ഞനുജനായിരുന്നു. ഈയിടെ അവന്റെ സ്വഭാവത്തിൽ മാറ്റം കണ്ടുതുടങ്ങി. ചെറിയ കാര്യങ്ങൾക്കുവരെ ദേഷ്യപ്പെടാനും പൊട്ടിത്തെറിക്കാനും തുടങ്ങി. വൈകിട്ട് താൻ ജോലി കഴിഞ്ഞെത്തിയാൽ നാട്ടിലെയും വീട്ടിലെയും കോളജിലെയും വിശേഷങ്ങൾ പങ്കുവച്ചിരുന്നവന് ഇപ്പോൾ അതിലൊന്നും താൽപര്യമില്ല. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി. അച്ഛൻ സർക്കാർ ജോലിയിൽനിന്നു വിരമിച്ചു. അമ്മ അധ്യാപികയാണ്.
ഓരോ കാരണം പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കയ്യിൽനിന്നു പണം വാങ്ങും. കൊടുത്തില്ലെങ്കിൽ കാണുന്നതെല്ലാം തല്ലിപ്പൊട്ടിക്കും. വഴക്ക് അയൽവാസികൾ അറിയരുതെന്നു കരുതി പണം നൽകും. പതിവുപോലെ വൈകിട്ടത്തെ ട്രെയിനിൽ തിങ്ങിഞെരുങ്ങി വീട്ടിൽ വന്നു. അവനു കൊടുക്കാൻ പലഹാരം കരുതിയിരുന്നു.
അച്ഛൻ പുറത്തേവിടെയോ പോയിരുന്നു. അമ്മ അടുക്കളയിൽ. അവനു പലഹാരം കൊടുത്തു റൂമിലേക്കു നടന്നു. അവൻ പിറകിൽ നിന്നു വന്നു കയറിപ്പിടിച്ചു. ഞെട്ടിപ്പോയി. അവനു കരിഞ്ഞ മാംസത്തിന്റെ ഗന്ധമായിരുന്നു. സർവശക്തിയുമെടുത്ത് കുതറി. പിന്നോട്ടാഞ്ഞ അവനെ കൈവീശി അടിച്ചു. അവൻ ഓടി അവന്റെ റൂമിൽ കയറി കതകടച്ചു.അവൻ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നായിരുന്നു ചിന്ത. വീട്ടിൽ കാര്യം പറഞ്ഞില്ല.
അച്ഛനും അമ്മയും തട്ടി വിളിച്ചിട്ടും അവൻ വാതിൽ തുറന്നില്ല. രാത്രിയിൽ കതകു തുറന്ന് ഒരു വലിയ ജഗ് നിറയെ വെള്ളം കുടിച്ചുവെന്നും വല്ലാത്ത പരവേശം കാണിച്ചുവെന്നും അമ്മ പറഞ്ഞു. ദിവസവും ജോലിക്കു പോയി വരുന്നതിന്റെ ബുദ്ധിമുട്ടു പറഞ്ഞ് എറണാകുളത്ത് ഹോസ്റ്റലിലേക്കു മാറി, ഈ സഹോദരി. സഹോദരനെ ഭയന്ന് സ്വന്തം വീട്ടിൽ കയറാൻ പേടി. ഈ സഹോദരി ജില്ലയുടെ വടക്കുനിന്നുള്ള ആൾ.
ദിക്കുകൾ ഏതായാലും ലഹരിക്കടിമപ്പെട്ട് ദിക്കു തെറ്റിയ ചെറുപ്പക്കാരേറെ. ലഹരിക്കു വേണ്ടി അവർ ആരെയും കൊല്ലാൻ മടിക്കില്ല. ലഹരി ഉള്ളിലാക്കിയാൽ, ആരോട് എങ്ങനെ പെരുമാറുമെന്നു പറയാനുമാവില്ല. ലഹരിയും ഗുണ്ടാപ്രവർത്തനവും ഒന്നുചേർന്നപ്പോൾ നഷ്ടപ്പെട്ടത് വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവറുടെ ജീവനാണ്. ലഹരിക്കും ഗുണ്ടായിസത്തിനും വിലങ്ങു വീണില്ലെങ്കിൽ ജീവിക്കാൻ പറ്റാത്ത നാടായി ഇവിടം മാറുമെന്ന കാര്യം ഉറപ്പ്. വെച്ചൂർ മുച്ചൂർക്കാവിലെ ഗുണ്ടായിസത്തിനെതിരെ മാധ്യമങ്ങളിൽ പ്രതികരിച്ച വീട്ടമ്മയ്ക്കു സംഭവിച്ചതെന്ത്? നാളെ