സമ്പൂർണ കാൻസർ ചികിത്സാ കേന്ദ്രം ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധത: മന്ത്രി സജി ചെറിയാൻ

Mail This Article
പാലാ∙ ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻ ഹെൽപ് പദ്ധതി പ്രകാരം രോഗം അതിജീവിച്ചവരുടെയും രോഗികളുടെയും സംഗമം നടത്തി. മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലന രംഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ഗുണകരമാകുന്നതായി മന്ത്രി പറഞ്ഞു. സമ്പൂർണ കാൻസർ ചികിത്സാ കേന്ദ്രം കൂടി ആരംഭിക്കുന്നത് ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കാൻസർ ചികിത്സയ്ക്കുള്ള ഏറ്റവും ആധുനിക ചികിത്സ സൗകര്യങ്ങളോടെയാണ് കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നതെന്നു അദ്ദേഹം പറഞ്ഞു. കോട്ടയം, ഇടുക്കി,പത്തനംതിട്ട തുടങ്ങിയ മലയോര ജില്ലയിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ആധുനിക ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സെന്റർ സെപ്റ്റംബർ മാസത്തോട് കൂടി പ്രവർത്തനം തുടങ്ങും.ഓങ്കോളജി വിഭാഗം ഹെഡും സീനിയർ കൺസൾട്ടന്റുമായ ഡോ.റോണി ബെൻസൺ ഓങ്കോളജി വകുപ്പിന്റെ പ്രവർത്തനം വിശദീകരിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസംഗിച്ചു.