കുറവിലങ്ങാട് മാലിന്യ സംസ്കരണ പ്ലാന്റ് നവീകരിക്കുന്നു

Mail This Article
കുറവിലങ്ങാട് ∙മാർക്കറ്റിനു സമീപം പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. ജീർണിച്ച പഴയ കെട്ടിടം നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
പുതിയ കെട്ടിടത്തിനു ഒപ്പം പ്ലാന്റിനു സമീപം സൗന്ദര്യവൽക്കരണം കൂടി നടപ്പാക്കും.പൂച്ചെടികൾ ഉൾപ്പെടെ നട്ടുവളർത്തും.മാലിന്യ സംസ്കരണ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ഗ്യാസ് വൈദ്യുതിയാക്കി മാറ്റി തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്ന പഞ്ചായത്താണ് കുറവിലങ്ങാട്. വർഷങ്ങൾക്കു മുൻപ് നടപ്പാക്കിയ പരിഷ്കാരം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് പ്ലാന്റിന്റെ പ്രവർത്തനം മന്ദഗതിയിലായി. ലൈറ്റുകൾ മിക്കവയും തകരാറിലായി. പിന്നീട് പലവട്ടം പ്രവർത്തനം നിലച്ചു. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തി പ്ലാന്റ് പരിഷ്‌ക്കരിക്കുകയാണ്.
ഉപയോഗശൂന്യമായ കിണർ രൂപമാറ്റം വരുത്തി രണ്ടാമത്തെ മാലിന്യ സംസ്കരണ പ്ലാന്റും ഇതിനു സമീപം പ്രവർത്തിക്കുന്നു.നിലവിലെ സംസ്കരണ പ്ലാന്റിനോടു ചേർന്നാണ് 18 ലക്ഷം രൂപ മുടക്കി പുതിയ പ്ലാന്റ് സ്ഥാപിച്ചത്. വർഷങ്ങൾക്കു മുൻപ് കാഞ്ഞിരംകുളം പദ്ധതിക്കു വേണ്ടി നിർമിച്ച കിണർ ആണ് രൂപമാറ്റം വരുത്തി മാലിന്യ സംസ്കരണ പ്ലാന്റാക്കി മാറ്റിയത്. ഇവിടെയും മത്സ്യം,മാസം മാലിന്യമാണ് സംസ്കരിക്കുന്നത്.
മലിനജല
സംസ്കരണ പ്ലാന്റ്
മലിനജലം സംസ്കരിക്കുന്ന സുവിജ് പ്ലാന്റ് നിർമാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല.ശുചിത്വ മിഷൻ സഹകരണത്തോടെ 83 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു. പക്ഷേ തുടർനടപടികൾ വൈകി. നിലവിൽ 32 ലക്ഷം രൂപയുടെ പദ്ധതിക്കു ടെൻഡർ നടപടികൾ ആയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു. നിർമാണം താമസിയാതെ ആരംഭിക്കും.