'വേദന സംഹാരി ഗുളിക പൊടിച്ചു കലക്കി കുത്തിവയ്ക്കും; സിഗരറ്റ് കുറ്റിയുടെ സ്പോഞ്ചിലൂടെ ദ്രാവകം വലിച്ചെടുക്കും'

Mail This Article
ഒഡീഷ- ആന്ധ്ര അതിർത്തി പ്രദേശത്ത് നിന്നു രണ്ട് കിലോ പാക്കറ്റ് കഞ്ചാവ് 5000 രൂപ വിലയ്ക്ക് ലഭിക്കും. ഇത് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തിയാൽ ലക്ഷം രൂപ വരെ ലഭിക്കും. ചെറു ഏജന്റുമാർ മുഖേനയാണ് കഞ്ചാവ് വിപണിയിൽ എത്തിക്കുന്നത്. എന്നാൽ എംഡിഎംഎ വിൽപനയ്ക്കായി സമൂഹമാധ്യമ കൂട്ടായ്മകൾ വരെയുണ്ട്
വെച്ചൂർ മുച്ചൂർക്കാവിൽ ക്രിമിനൽ സംഘങ്ങൾ തഴച്ചു വളർന്നു. അവരിൽ വിവിധ മോഷണക്കേസുകളിൽ ഉൾപ്പെട്ടവരുണ്ട്, കാപ്പ ചുമത്തി നാടുകടത്തപ്പെട്ടവരുണ്ട്, കൊലപാതകക്കുറ്റം അടക്കമുള്ള കേസുകളിൽ ജാമ്യത്തിലിറങ്ങിയവരുമുണ്ട്. ഇവർ ഒരു വീട്ടിൽ പതിവായി തമ്പടിക്കാൻ തുടങ്ങി. ഇവർക്കെതിരേ നാട്ടുകാർക്കൊപ്പം ചേർന്നു പ്രതികരിച്ച യുവാവിനു കുത്തേറ്റതോടെ പൊലീസും ഇടപെട്ടു. മാധ്യമങ്ങളും രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അറിയാനെത്തിയ മാധ്യമങ്ങളോടു പ്രതികരിച്ച അൻപത്താറുകാരിയുടെ തല ഗുണ്ടകൾ കരിങ്കല്ലിൽ ഇടിച്ചു പൊട്ടിച്ചു. പൊലീസ് ഇടപെട്ട് 24 മണിക്കൂർ കഴിയും മുൻപാണ് ഇവരുടെ തലതല്ലിപ്പൊട്ടിച്ചത്. പൊലീസിനെ പേടിയില്ലെന്ന് ഇവർ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.
വാഹന പരിശോധന കുറഞ്ഞു;ലഹരിക്കടത്ത് വ്യാപകം
അതിർത്തികളിൽ വാഹന പരിശോധന കുറഞ്ഞതോടെ ലഹരിക്കടത്ത് സംഘങ്ങൾക്കു കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഒഡീഷ- ആന്ധ്ര അതിർത്തി പ്രദേശത്ത് നിന്നു രണ്ട് കിലോ പാക്കറ്റ് കഞ്ചാവ് 5000 രൂപ വിലയ്ക്ക് ലഭിക്കും. ഇത് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തിയാൽ ലക്ഷം രൂപ വരെ ലഭിക്കും. ചെറു ഏജന്റുമാർ മുഖേനയാണ് കഞ്ചാവ് വിപണിയിൽ എത്തിക്കുന്നത്. എന്നാൽ എംഡിഎംഎ വിൽപനയ്ക്കായി സമൂഹമാധ്യമ കൂട്ടായ്മകൾ വരെയുണ്ട്. കോഡ് ഉപയോഗിച്ചാണ് ഇവ കൈകാര്യം ചെയ്യുന്നത്.ഈ ലഹരിയാണ് വിദ്യാർഥികളെയും യുവാക്കളെയും വലയിലാക്കുന്നത്. ലഹരിയുടെ അടിമകളായി മാറി ഇവർ പതിയെ ഗുണ്ടാ പ്രവർത്തനത്തിലേക്കു തിരിയുന്നു. ലഹരി വാങ്ങാനുള്ള പണത്തിനു വേണ്ടി ആരെയും തല്ലും ആരെയും കൊല്ലും.
നഗരങ്ങളെ വിറപ്പിച്ച് ഗുണ്ടാ സംഘങ്ങൾ
ചങ്ങനാശേരിയിൽ നഗരമധ്യത്തിൽ രാത്രി നടുറോഡിൽ ഗുണ്ടകൾ കുടിപ്പക തീർക്കാൻ എത്തിയപ്പോൾ നാട് വിറങ്ങലിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. കാപ്പ കേസുകളിലും ക്രിമിനൽ കേസുകളിലുമുൾപ്പെടെ പ്രതിയായിരുന്ന ഛോട്ടാ ഷമീർ എന്നു വിളിക്കുന്ന ഫാത്തിമാപുരം സ്വദേശി ഷമീർ ഷായ്ക്കാണ് അന്ന് ആക്രമണത്തിൽ പരുക്കേറ്റത്. തലയ്ക്കും കൈകൾക്കും വെട്ടേറ്റ നിലയിൽ ഷമീർ സ്വയം സ്കൂട്ടറോടിച്ച് ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു.
ഒട്ടേറെ കേസുകളിൽ പ്രതിയായി 2018ൽ കാപ്പ കേസിൽ പൊലീസ് പിടിയിലായ ആളാണ് ഫാത്തിമാപുരം സ്വദേശി ഷമീർ ഷാ. പിന്നീട് പുറത്തിറങ്ങിയെങ്കിലും ആക്രമണങ്ങൾക്കും കേസുകൾക്കും കുറവില്ലായിരുന്നുവെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. സംഭവത്തിന് ഏതാനും മാസം മുൻപ് നഗരമധ്യത്തിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പിടിയിലായി. ഇയാളുടെ മുൻ സുഹൃത്തിനെയാണ് ആക്രമിച്ചത്. ഈ സംഭവത്തിന് ഒരു മാസം മുൻപ് നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ ഷമീറിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് പിന്നീട് ഹോട്ടൽ മുറിയിൽ തീർക്കാൻ ശ്രമിച്ചത്. ഇയാളുടെ സംഘാഗങ്ങൾക്കിടെയുണ്ടായ ചില തർക്കങ്ങൾ തുറന്ന പോരിലേക്കു വഴി മാറിയതോടെയാണ് ഷമീറിനും വെട്ടേറ്റത്.
ജില്ലയിൽ ലഹരി, ഗുണ്ടാ പ്രവർത്തനം ഏറ്റവും നടക്കുന്ന രണ്ടു സ്റ്റേഷനുകളാണ് ഏറ്റുമാനൂരും ഗാന്ധിനഗറും. ലോഡ്ജുകളിൽ താമസിച്ചാണ് എംഡിഎംഎ അടക്കമുള്ള രാസലഹരികളുടെ വിൽപന. വിവരം കിട്ടിയാലും വിവരം പൊലീസിനെയോ എക്സൈസിനെയോ അറിയിക്കാൻ നാട്ടുകാർക്കു ഭയമാണ്. അകത്തു പോകുന്നവരുടെ കൂട്ടാളികൾ പുറത്തുണ്ട്. അവർ പാഞ്ഞെത്തും. പൊലീസിനെയും ഇവർക്കു ഭയമില്ല.
ലഹരി കുത്തിവയ്പിന് ഏറെ പ്രിയം
വേദന സംഹാരിയായ ഗുളിക പൊടിച്ചു കലക്കി കുത്തിവയ്ക്കുന്ന രീതിയും ഇപ്പോൾ കൂടുതലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കഞ്ചാവ് , എംഡിഎംഎ, എൽഎസ്‍ഡി സ്റ്റാംപ് തുടങ്ങിയവയോടുള്ളതിനെക്കാൾ താൽപര്യമാണ് കുത്തിവയ്പിനോടുളളത്. ഒരാഴ്ച കുത്തിവയ്പ് തുടർന്നാൽ അതില്ലാതെ ജീവിക്കാനാകാത്ത അവസ്ഥയാകും. പിന്നെ ജീവിതത്തിലേക്കു തിരിച്ചുപോക്കില്ല. ഡി അഡിക്‌ഷൻ സെന്ററുകളിലെ ചികിത്സയും കൗൺസലിങ്ങും പോലും ഫലിക്കില്ല. കഞ്ചാവ് ഉൾപ്പെടെ മറ്റു ലഹരി വസ്തുക്കളോടുളള താൽപര്യം കുറയും. മരണത്തിലേക്കാണു യാത്ര. എത്രയോ ജീവിതമാണ് ഇങ്ങനെ ഒടുങ്ങുന്നത്.
സിഗരറ്റ് കുറ്റിയുടെ സ്പോഞ്ചിലൂടെയാണ് സിറിഞ്ചിലേക്കു ദ്രാവകം വലിച്ചെടുക്കുന്നത്. നേരിയ തരിപോലും കടക്കാതിരിക്കാനാണ് ഇത്. തരി കടന്നാൽ ഞരമ്പ് പൊട്ടാൻ ഇടയുണ്ട്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന തട്ടിക്കൂട്ട് കടകളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിൽപനയും തകൃതിയായി നടക്കുന്നുണ്ട്. ഇതിനെതിരെ എന്തു നടപടി എടുക്കും എന്നത് മറ്റൊരു ചോദ്യം.കോട്പ (സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങളുടെ വിപണനവും പരസ്യവും നിയന്ത്രിക്കുന്നതിനുള്ള നിയമം) ആക്ട് പ്രകാരം നിരോധിത പുകയില വസ്തുക്കൾ പിടിച്ചെടുത്താൽ എക്സൈസിനു ചുമത്താൻ കഴിയുന്നത് പരമാവധി 200 രൂപ പിഴയാണ് !∙ ലഹരി മാഫിയ കാത്തിരിക്കുന്നു, പുതിയ ഗുണ്ടകളെ സൃഷ്ടിക്കാൻ... അതേക്കുറിച്ചു നാളെ