വരുന്നു,കുടുംബശ്രീ പ്രീമിയം കഫേ; ഈ മാസം അവസാനം തുറക്കും

Mail This Article
കുറവിലങ്ങാട് ∙കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ പ്രീമിയം കഫേ എംസി റോഡരികത്ത് കുറവിലങ്ങാട് കോഴാ ഭാഗത്തു ഈ മാസം പ്രവർത്തനം ആരംഭിക്കും. ജില്ലാ പഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നിർമിക്കുന്ന കെ.എം മാണി തണൽ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ആദ്യ നിലയിലാണ് മികച്ച സംവിധാനങ്ങളോടെ പ്രീമിയം കഫേ തുറക്കുന്നത്. പദ്ധതിയിലൂടെ നൂറിലധികം കുടുംബശ്രീ അംഗങ്ങൾക്കു തൊഴിൽ ലഭിക്കും.
അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്‌കരണം, പാഴ്‌സൽ സർവീസ്, കാറ്ററിങ്ങ്, ഓൺലൈൻ സേവനങ്ങൾ, ഭിന്നശേഷി വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ, പാർക്കിങ് തുടങ്ങി എല്ലാ മേഖലയിലും മികച്ച റസ്‌റ്ററന്റുകൾക്കു തുല്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നത്.പ്രത്യേക ലോഗോയും ഏകീകൃത രൂപകൽപന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ രീതിയിലാണ് പ്രീമിയം കഫേകൾ തുറക്കുന്നത്. നിലവിൽ കണ്ണൂർ, തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ കുടുംബശ്രീ പ്രീമിയം കഫേകൾ ആരംഭിച്ചിട്ടുണ്ട്.
∙കോഴായിലെ കഫേയിൽ 40 വനിതകളുടെ സേവനം. ഉഴവൂർ ബ്ലോക്കിലെ 8 പഞ്ചായത്തുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഇവർക്കു പ്രത്യേക പരിശീലനം നൽകിയാണ് നിയമിക്കുന്നത്.∙രാവിലെ 6 മുതൽ വൈകിട്ട് 11 വരെ പ്രവർത്തനം. ജീവനക്കാർക്കു 3 ഷിഫ്റ്റ്.∙സസ്യ, സസ്യേതര ഭക്ഷണം ലഭ്യമാക്കും 100 പേർക്കു ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടാകും.∙കുടുംബശ്രീ അംഗങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചു ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ പ്രവർത്തനം.∙പാചകം, സർവീസിങ്, ബില്ലിങ് തുടങ്ങി ബന്ധപ്പെട്ട വിവിധ മേഖലകളിൽ കുടുംബശ്രീ അംഗങ്ങൾക്കു പരിശീലനം.
∙ജില്ല പഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കേരള സയൻസ് സിറ്റിയുടെ സമീപത്തു രണ്ടര കോടിയോളം രൂപ മുടക്കിയാണ് കെ.എം.മാണി സ്മാരക തണൽ വഴിയോര വിശ്രമ, വിനോദ കേന്ദ്രം എന്നിവയുടെ നിർമാണം പൂർത്തിയാകുന്നത്.∙ജില്ല പഞ്ചായത്ത് ആദ്യഘട്ടത്തിൽ 1.70 കോടി രൂപയാണ് അനുവദിച്ചത്. തുടർന്ന് പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം കൂടി അനുവദിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആദ്യഘട്ടം 30 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.തുടർന്ന് 30 ലക്ഷം കൂടി അനുവദിച്ചു. 10 സെന്റ് സ്ഥലമാണ് ബ്ലോക്ക് പഞ്ചായത്ത് വിട്ടു നൽകിയത്.
∙എംസി റോഡരികത്ത് സയൻസ് സിറ്റിയിൽ നിന്നു ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് പുതിയ വഴിയോര വിശ്രമകേന്ദ്രം. റോഡ് നിരപ്പിലും മുകൾഭാഗത്തെ പുരയിടത്തിലും ഓരോ നിലകൾ എന്ന രീതിയിൽ ആദ്യഘട്ടത്തിൽ 2 നില കെട്ടിടമാണ് നിർമിക്കുന്നത്∙ആകെ 3 നിലകൾ. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വഴിയോര വിശ്രമ കേന്ദ്രമാക്കി മാറ്റുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം.∙രണ്ടാം നിലയിൽ താമസസൗകര്യമുള്ള മുറികൾ നിർമിക്കും. ∙മൂന്നാം നിലയിൽ വനിതകൾക്കു മാത്രമായി ഷീ ലോഡ്ജ്.∙വിശ്രമ കേന്ദ്രത്തിൽ യാത്രക്കാർക്കും സന്ദർശകർക്കും വേണ്ടി 15 ശുചിമുറികൾ ഉണ്ടാകും.