അസ്ഥികൂടം കണ്ടെത്തിയ സംഭവം: വിശദമായ അന്വേഷണം നടത്തും

Mail This Article
പാലാ ∙കൈതത്തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടർമാരുടെ പ്രാഥമിക നിഗമനത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. അസ്ഥികൂടം മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യു തോമസിന്റേത് (മാത്തച്ചൻ-84) ആണെന്ന് ഉറപ്പു വരുത്താനായി ഡിഎൻഎ പരിശോധന നടത്തും. മക്കളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു. പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത അസ്ഥികൂട അവശിഷ്ടങ്ങൾ അരുണാപുരം മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മക്കൾ എത്തിയശേഷം സംസ്കാരം നടത്തും.
മേവട-മൂലേത്തുണ്ടി റോഡിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൈതത്തോട്ടത്തിൽ 3നു വൈകിട്ട് 6 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ലരിയാനായി എത്തിയ ബന്ധുവാണ് അസ്ഥികൂടം കണ്ടത്. പൊലീസും ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഇന്നലെ പരിശോധന നടത്തി. പൊലീസ് നായയെയും കൊണ്ടുവന്നിരുന്നു. എന്നാൽ നായയെ പുറത്തിറക്കിയില്ല.
ഡിസംബർ 21നാണ് മാത്യു തോമസിനെ കാണാതായത്. ഇയാളുടെ വീടിന് അര കിലോമീറ്റർ അകലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈതകൾക്കിടയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം കാണാതായ മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. മാത്യു ധരിച്ചിരുന്ന വസ്ത്രങ്ങളാണിതെന്ന് മക്കൾ തിരിച്ചറിഞ്ഞു.4 ഏക്കറിലേറെ വരുന്ന കൈതത്തോട്ടത്തിൽ റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്. ബംഗാളികൾ ഇവിടെ പണിക്കെത്തിയിരുന്നു. ഇവർ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെങ്കിലും ആരെയും അറിയിച്ചില്ല.
8 ബംഗാളികവെയും കൈതക്കൃഷി ഏറ്റെടുത്തു നടത്തുന്ന വാഴക്കുളം സ്വദേശിയെയും സൂപ്പർവൈസറെയും പൊലീസ് ചോദ്യം ചെയ്തു. സ്ഥലമുടമ വിദേശത്താണ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ആരോപിച്ച് മക്കൾ ഹൈക്കോടതിയിൽ കേസ് നൽകിയതിനെ തുടർന്ന് പ്രദേശമൊട്ടാകെ പൊലീസ് ഏതാനും ആഴ്ച മുൻപ് പരിശോധിച്ചിരുന്നു. ഇതുവഴി മാത്യു തോമസ് വരുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ ഇവിടം പരിശോധിച്ചിരുന്നില്ല.