കോട്ടയം നഗരസഭയിലെ രണ്ടരക്കോടിയുടെ തട്ടിപ്പ്: രൂപംമാറി പ്രതി; വിജിലൻസ് തൊട്ടുപിന്നാലെ

Mail This Article
കോട്ടയം ∙നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്നു രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത മുൻ ക്ലാർക്ക് അഖിൽ സി.വർഗീസ് കേരളത്തിൽത്തന്നെ ഒളിവിലെന്നു വ്യക്തമായ സൂചന. കേരള – തമിഴ്നാട് അതിർത്തിയിലാണു പ്രതിയുള്ളത്. തമിഴ്നാട്ടിലേക്കു കടക്കാനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നുണ്ട്.കൊടൈക്കനാൽ, മൈസൂരു, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിത്താമസത്തിനു ശേഷമാണു കേരളത്തിൽ എത്തിയത്. ഉടൻ വലയിലാകുമെന്നാണു സൂചന. വിദേശത്തേക്കു കടക്കാനുള്ള പഴുതുകൾ അടച്ച് വിജിലൻസ് അന്വേഷണം ശക്തമാക്കി.
മൊബൈൽ ഫോണോ എടിഎം കാർഡോ പ്രതി ഉപയോഗിക്കുന്നില്ല. എന്നാൽ താമസ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചതായി കണ്ടെത്തി. വാട്സാപ് കോളുകൾ ചെയ്തിട്ടുണ്ട്. കൊടൈക്കനാലിൽ 18 ദിവസവും മൈസൂരിൽ 21 ദിവസവും ഒളിവിൽ താമസിച്ചു. പൊലീസ് ഈ സ്ഥലങ്ങളിൽ എത്തിയെങ്കിലും പ്രതി കടന്നുകളഞ്ഞു. ഹോട്ടലുകളിലെ ഇടപാടുകൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കാതെ പണം നേരിട്ടു നൽകിയതായി പൊലീസ് കണ്ടെത്തി.
ക്ലീൻ ഷേവ് ചെയ്ത് തൊപ്പിയും മാസ്ക്കും ധരിച്ചാണു സഞ്ചാരം. ഹോട്ടലുകളിലെ നിരീക്ഷണ ക്യാമറുകളിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.തട്ടിപ്പിലൂടെ സമ്പാദിച്ച പണം ചെലവഴിച്ച വഴികൾ വിജിലൻസ് അന്വേഷിച്ചു വരികയാണ്. കൊല്ലത്ത് 7 സെന്റ് സ്ഥലം നേരത്തേ വാങ്ങിയത് പൊലീസ് കണ്ടുകെട്ടി. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള അഖിലിന്റെ ഭാര്യയ്ക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ മറ്റൊരു ബന്ധു സഹായിച്ചിട്ടുണ്ട്.
തട്ടിപ്പ് പുറത്തുവന്ന നാളുകളിൽ ഒളിവിൽ കഴിയാൻ സഹായിച്ച വേറൊരു ബന്ധു കൊല്ലം കരിക്കോട് സ്വദേശി എസ്.ശ്യാംകുമാറിനെ (37) ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.നഗരസഭയിൽ ജീവനക്കാരനായിരിക്കെ പെൻഷൻ ഫണ്ടിൽ നിന്ന്, അമ്മയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് 2020 ഫെബ്രുവരി 25 മുതൽ 2023 ഒക്ടോബർ 16 വരെയുള്ള കാലയളവിൽ രണ്ടര കോടി അയച്ച് തട്ടിപ്പ് നടത്തിയെന്നാണ് അഖിലിനെതിരെയുള്ള കേസ്. വെസ്റ്റ് പൊലീസ് 2024 ഓഗസ്റ്റ് 8നു റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. അതിനു ശേഷം വിജിലൻസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തിരുന്നു.